LiveTV

Live

Kerala

മീഡിയവണ്‍ പോള്‍: കോവിഡ് 19ന്‍റെ രണ്ടാം വരവില്‍ മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം

മീഡിയവണ്‍ പോള്‍: കോവിഡ് 19ന്‍റെ രണ്ടാം വരവില്‍ മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം

കോവിഡ് 19ന്‍റെ രണ്ടാം വരവിലും മലയാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം. ഇറ്റലിയില്‍ നിന്നെത്തിയ യാത്രക്കാരെ വിമാനത്താവളത്തില്‍ പരിശോധിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായോ എന്ന ചോദ്യത്തോട് മീഡിയവണ്‍ ഫേസ്ബുക്ക് പേജില്‍ സംഘടിപ്പിച്ച പോളില്‍ 74 ശതമാനം പേരും സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചു. 24 ശതമാനം പേര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി എന്ന് രേഖപ്പെടുത്തിയത്. യാത്രാക്കാര്‍ ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് പോളിനോടനുബന്ധിച്ച് പലരും കമന്‍റ് ചെയ്തു. ട്വിറ്ററില്‍ 64 ശതമാനം പേരും സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല എന്ന് പ്രതികരിച്ചപ്പോള്‍ 36 ശതമാനം മാത്രമാണ് വീഴ്ച സംഭവിച്ചുവെന്ന് രേഖപ്പെടുത്തിയത്.

നിപ വൈറസ് ബാധയിലും കൊറോണ ബാധയുടെ ആദ്യ ഘട്ടത്തിലും കേരളത്തിലെ ആരോഗ്യവകുപ്പ് നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബി.ബി.സി ഇന്ത്യ കഴിഞ്ഞ മാര്‍ച്ച് രണ്ടിന് സംഘടിപ്പിച്ച കൊറോണ സംബന്ധിച്ച സംവാദത്തില്‍ പ്രശസ്ത വൈറോളജിസ്റ്റും വെല്‍കം ട്രസ്റ്റ് സി.ഇ.ഒ യുമായ ഡോ. ഷാഹിദ് ജമീല്‍ ഇക്കാര്യത്തില്‍ കേരളത്തെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു .കേരളം ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നേടിയ വികസനം മാത്രമല്ല, പ്രാഥമികാരോഗ്യ രംഗത്ത് കൈവരിച്ച നേട്ടമാണ് നിപ്പ, കൊറോണ വൈറസുകളെ ഫലപ്രദമായി തടയുന്നതിന് സഹായിച്ചതെന്ന് ഡോ. ഷാഹിദ് ജമീല്‍ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.

https://bbc.in/39AI5sr

https://bit.ly/3aDYWdT