LiveTV

Live

Kerala

കുപ്പിവെള്ള പ്ലാന്‍റ് കൈമാറ്റം വിവാദത്തില്‍; പദ്ധതി കിഡ്കിനെ ഏല്‍പ്പിച്ചത് സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആരോപണം

സ്വകാര്യ കുപ്പിവെള്ള ലോബിയെ സഹായിക്കാനാണെന്ന് ആരോപണം

കുപ്പിവെള്ള പ്ലാന്‍റ് കൈമാറ്റം വിവാദത്തില്‍; പദ്ധതി കിഡ്കിനെ ഏല്‍പ്പിച്ചത് സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആരോപണം

കേരള വാട്ടർ അതോറിറ്റി നിർമ്മിച്ച കുപ്പിവെള്ള പ്ലാന്‍റ് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനെ ഏല്‍പ്പിച്ചത് വിവാദമാകുന്നു. വാട്ടര്‍ അതോറിറ്റി മുഴുവന്‍ തുകയും ചിലവാക്കി തയ്യാറാക്കിയ പദ്ധതി കൈമറുന്നത് സ്വകാര്യ കുപ്പിവെള്ള ലോബിയെ സഹായിക്കാനാണെന്ന് ഭരണാനുകൂല സംഘടനയായ എ.ഐ.ടി.യു.സി ആരോപിച്ചു. കുപ്പിവെള്ള പ്ലാന്‍റ് കിഡ്കിന് കൈമാറിയതിന് പിന്നില്‍ ചീഫ് സെക്രട്ടറി ടോംജോസാണെന്ന് എ.ഐ.ടി.യു.സി കുറ്റപ്പെടുത്തി.

പതിനാറ് കോടി രൂപ ചിലവിലാണ് തിരുവനന്തപുരത്തെ അരുവിക്കരയില്‍ കുപ്പിവെള്ള നിര്‍മ്മാണ് പ്ലാന്‍റ് ജലഅതോറിറ്റി സ്ഥാപിച്ചത്. ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനാണ് വാട്ടര്‍ അതോറിറ്റി പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അത് കൊണ്ടാണ് കുപ്പിവെള്ള വിതരണം കിഡ്കിനെ ഏല്‍പ്പിച്ചതെന്നുമാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. സ്വകാര്യകുപ്പിവെള്ള ലോബിയെ സഹായിക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്ന് ഭരണാനുകൂല സംഘടനായായ എ.ഐ.ടി.യു.സി ആരോപിക്കുന്നു. ചീഫ്സെക്രട്ടറി ടോംജോസിന്‍റെ പ്രത്യേക താത്പര്യം ഇതിന് പിന്നിലുണ്ടെന്നും ആരോപണമുണ്ട്.

യന്ത്രങ്ങളുടെയും കുപ്പികളുടെയും രൂപകല്‍പനയില്‍ ചില സാങ്കേതിക മാറ്റം വരുത്തി വിപണിയിലെത്തിച്ചാല്‍ വലിയ വരുമാനം ലഭിക്കുന്ന പദ്ധതി വ്യക്തമായ കാരണങ്ങള്‍ നിരത്താതെയാണ് ജലഅതോറിറ്റി കൈയ്യൊഴിഞ്ഞിരിക്കുന്നത്. കുടിവെള്ളമെത്തിക്കേണ്ടതാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രഥമ പരിഗണനയെങ്കില്‍ 16 കോടി രൂപ ചിലവഴിച്ച് കുപ്പിവെള്ള പദ്ധതി എന്തിന് പൂര്‍ത്തിയാക്കി എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. ഇതിന് പിന്നില്‍ ഉന്നതഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണം പരിശോധിക്കപ്പെടേണ്ടതുമാണ്.