LiveTV

Live

Kerala

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ പക്ഷികളെ കൊല്ലുന്ന നടപടി പുരോഗമിക്കുന്നു

മൂന്ന് ദിവസത്തിനകം നടപടികൾ പൂർത്തീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു, പക്ഷികളുടെ ഉടമസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാകലക്ടറും പറഞ്ഞു

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ പക്ഷികളെ കൊല്ലുന്ന നടപടി പുരോഗമിക്കുന്നു

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വേങ്ങേരി, വെസ്റ്റ് കൊടിയത്തൂർ എന്നിവിടങ്ങളിൽ പക്ഷികളെ കൊല്ലുന്ന നടപടി പുരോഗമിക്കുന്നു. മൂന്ന് ദിവസത്തിനകം നടപടികൾ പൂർത്തീകരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു. പക്ഷികളുടെ ഉടമസ്ഥർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാകലക്ടറും പറഞ്ഞു. കോഴിക്കടകൾ, ഫാമുകൾ, വീടുകൾ എന്നിവിടങ്ങളിലെത്തിയാണ് പ്രതിരോധ പ്രവർത്തകർ പക്ഷികളെ കൊല്ലുന്നത്.

അന്താരാഷട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രതിരോധ പ്രവർത്തനം. അഞ്ച് അംഗങ്ങളുള്ള 24 സംഘങ്ങൾ പക്ഷിപ്പനി ബാധിത മേഖലകളിൽ പ്രവർത്തിക്കുന്നു. കോഴി, താറാവ്, കാട ഉൾപ്പെടെ പതിനാറായിരത്തോളം പക്ഷികളെ കൊന്നുകളയേണ്ടിവരും. ചൊവ്വാഴ്ച വരെ ആദ്യഘട്ട പ്രവർത്തനം തുടരും. രണ്ടു സ്ഥലങ്ങളുടെയും പത്ത് കിലോ മീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട എന്നിവയുടെ വിൽപ്പനയും കൈമാറ്റവും വിലക്കിയിരിക്കുകയാണ്.

കോഴിക്കടകളും ഫാമുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കാൻ പാടില്ല. കൊല്ലുന്ന വളർത്തു പക്ഷികൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.