LiveTV

Live

Kerala

മാധ്യമവിലക്ക്: മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്‍മാന്റെ പ്രതികരണം

പുനഃസ്ഥാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നറിയില്ല, ഒരിക്കലും മീഡിയവണ്‍ ക്ഷമാപണം നടത്തിയിട്ടില്ല

മാധ്യമവിലക്ക്: മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്‍മാന്റെ പ്രതികരണം

മാര്‍ച്ച് ആറാം തിയതി രാത്രി 7.30 മുതല്‍ 48 മണിക്കൂര്‍ നേരം മീഡിയവണിന്‍റെ വാര്‍ത്ത സംപ്രേഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മിനിസ്ട്രി ഓഫ് ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റില്‍ നിന്നും മെസേജ് ലഭിച്ചു. തല്‍ക്ഷണംതന്നെ അത് നിര്‍ത്തിവെക്കുകയും ചെയ്തു. അതിന്‍റെ കാരണങ്ങളെ സംബന്ധിച്ച വിശദീകരണം പിന്നീടാണ് ലഭിച്ചത്. അത് പ്രകാരം കേബിള്‍ നെറ്റ്‍വര്‍ക്ക് നിയമത്തെ മീഡിയവണ്‍ ലംഘിച്ചുവെന്നാണ് പരാതി. വിവിധ വകുപ്പുകളും അതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഒരു പ്രത്യേക സമുദായത്തിന് അനുകൂലമായാണ് റിപ്പോര്‍ട്ട് ചെയ്തത്, പൌരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ക്കെതിരായായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്, ഡല്‍ഹി പൊലീസ് നിഷ്ക്രിയമായി നോക്കിനിന്നു, ആര്‍,എസ്,എസിനെ കുറിച്ചുള്ള വിമര്‍ശനങ്ങളും റിപ്പോര്‍ട്ടിലുണ്ടായി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ചാനല്‍ സംപ്രേഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

മീഡിയവണ്‍ അത് അക്ഷരംപ്രതി അനുസരിക്കുകയും സംപ്രേഷണം നിര്‍ത്തിവെക്കുകയും ചെയ്തു. പക്ഷേ, ഇപ്പറഞ്ഞ കാരണങ്ങളൊന്നുംതന്നെ നിലനില്‍ക്കുന്നതല്ലയെന്ന് നേരത്തെ ലഭിച്ച ഒരു ഷോകോസ് നോട്ടീസിന് മറുപടിയായി മീഡിയവണ്‍ ബോധിപ്പിച്ചിരുന്നു. രാജ്യത്തെ നിയമവാഴ്ച്ചയെ മാനിച്ചുകൊണ്ടും ഭരണഘടന വകുപ്പുകള്‍ അനുസരിച്ചും മാത്രമേ നടത്തൂവെന്ന് നേരത്തെ തീരുമാനിച്ചതാണ്. അക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തയിട്ടാണ് ചാനലിന് ലൈസന്‍സ് ലഭിച്ചത്.

ഇന്നുവരെ അത് ലംഘിച്ചുവെന്ന പരാതി മീഡിയവണിനെതിരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ആരോപണം ദുരൂഹമാണ്. എന്തായാലും ഒന്നുറപ്പാണ്, രാജ്യത്ത് മതേതര ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നേടത്തോളം കാലം എല്ലാ നിയമങ്ങളും മാനിക്കുകയും എന്നാല്‍ പിന്നാക്കക്കാരുടെയും അവഗണിക്കപ്പെടുന്നവരുടേയും താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുകയെന്നത് മീഡിയവണിന്‍റെ പ്രഖ്യാപിത നയമാണ്. ആ നയത്തിനനുസൃതമായി തന്നെയാണ് ഇതുവരെയും പ്രവര്‍ത്തിച്ചത്.

നിയമത്തിന് വിധേയമായിക്കൊണ്ടുതന്നെ പീഡനത്തിന് ഇരയാകുന്നവരുടേയും കലാപത്തില്‍ ദുരിതമനുഭവിക്കുന്നവരുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും അത് സര്‍ക്കാരിന്‍റെയും ജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും തന്നെയാണ് ചാനലിന്റെ പ്രഖ്യാപിത നയം. അതിനനുസൃതമായാണ് കലാപം റിപ്പോര്‍ട്ട് ചെയ്തത്. സമുദായങ്ങളില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ ഒന്നുംതന്നെയുണ്ടായിട്ടില്ലയെന്ന് ധൈര്യമായി പറയാം.

അതേസമയം, കലാപത്തില്‍ ഇരകള്‍ക്ക് നേരെ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നിഷ്ക്രിയമായി നോക്കിനിന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും. അത് സ്വാഭാവികമാണ്. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള എല്ലാ കലാപങ്ങളെക്കുറിച്ചും അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും പൊലീസിന്‍റെ അനാസ്ഥ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വര്‍ഗീയ ശക്തികളുടെ പങ്ക് അതില്‍ എടുത്ത് കാണിച്ചിട്ടുണ്ട്.

ബോംബെ കലാപത്തെക്കുറിച്ചുള്ള ശ്രീകൃഷ്ണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിലും അതാണ് പറയുന്നത്. അത്തരം കാര്യങ്ങളൊന്നും മൂടിവെക്കാന്‍ തീരുമാനിച്ചിട്ടില്ല, അങ്ങനെയാണെങ്കില്‍ ഇങ്ങനൊരു ചാനലിന് പ്രസക്തിയില്ല. അതുകൊണ്ടുതന്നെ ഇതിനെ നിയമപരമായി തന്നെ നേരിടാനാണ് മീഡിയവണിന്‍റെ തീരുമാനം. അതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ 9.30 മുതല്‍ക്കാണ് ചാനല്‍ പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. പുനഃസ്ഥാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നറിയില്ല. ഒരിക്കലും മീഡിയവണ്‍ അതിന്‍റെപേരില്‍ ക്ഷമാപണം നടത്തിയിട്ടില്ല.