LiveTV

Live

Kerala

മാധ്യമ വിലക്ക്: അന്തര്‍ദേശീയ തലത്തിലടക്കം രൂക്ഷ വിമര്‍ശനം

അടിയന്തരാവസ്ഥയെ ഓര്‍മ്മിക്കുന്ന നടപടിയാണെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും

മാധ്യമ വിലക്ക്: അന്തര്‍ദേശീയ തലത്തിലടക്കം രൂക്ഷ വിമര്‍ശനം

മീഡിയവണിനും ഏഷ്യാനെറ്റിനും വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നിശിത വിമര്‍ശനമാണ് അന്തര്‍ദേശീയ തലത്തിലടക്കം ഉയര്‍ന്നത്. അടിയന്തരാവസ്ഥയെ ഓര്‍മ്മിക്കുന്ന നടപടിയാണെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും കുറ്റപ്പെടുത്തി.

മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ഹനിക്കുന്ന കേന്ദ്ര നടപടി അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരായ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പി ചിദംബരം അഭിപ്രായപ്പെട്ടു. സത്യം പറയുന്നവരെ സര്‍ക്കാരിനെ ഭയമാണെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും സി.പി.എം പിബി അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു.

മന്ത്രാലയ നടപടി അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്നതാണെന്ന് കവി സച്ചിദാനന്ദന്‍ പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്ക്, ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ എല്ലാ സംരക്ഷണവും ലഭിക്കുന്നുവെന്നായിരുന്നു ശശി തരൂര്‍ എംപിയുടെ പ്രതികരണം. കേരളത്തിലെ രണ്ട് ചാനലുകള്‍ക്കെതിരെ നടപടിയെടുത്ത കേന്ദ്രം, സര്‍ക്കാര്‍ പക്ഷ മാധ്യമങ്ങള്‍ക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ചോദിച്ചു.

സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് ബി.ബി.സി ജേണലിസ്റ്റ് യോഗിതാ ലിമായ് ട്വീറ്റ് ചെയ്തു. ഖലീജ് ടൈംസ് അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടപടി വാര്‍ത്തയാക്കി.