LiveTV

Live

Kerala

മാധ്യമ വിലക്ക്; പ്രതിഷേധവുമായി ഇടത് നേതാക്കള്‍

മുഖ്യമന്ത്രി, കോടിയേരി, ബൃന്ദ കാരാട്ട്, കാനം രാജേന്ദ്രന്‍, കെ.കെ ശൈലജ, എം.എ ബേബി തുടങ്ങിയ നേതാക്കള്‍ മാധ്യമ വിലക്കിനെതിരെ പ്രതിഷേധിച്ചു

മാധ്യമ വിലക്ക്; പ്രതിഷേധവുമായി ഇടത് നേതാക്കള്‍

മാധ്യമ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖം മോശായാല്‍ കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേത്. സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയാണ്. വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയാണിതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീനമായ തന്ത്രമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. അക്രമം നടത്തിയ വർഗീയ ശക്തികൾക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡൽഹി പൊലീസിനെതിരെയോ ചെറുവിരൽ അനക്കാത്തവർ മാധ്യമങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സത്യം പറയുന്നവരെ സർക്കാരിന് ഭയമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ആർ.എസ്.എസിനെ വിമർശിക്കാൻ കഴിയില്ലെന്ന് പറയാൻ അവർ ഇന്ത്യയിലെ സൂപ്പർ പവർ ആണോ? മറ്റ് മാധ്യമങ്ങൾക്ക് ഇത് പാഠമാണെന്നും എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

മാധ്യമങ്ങളെ വിലക്കുന്നത് ശരിയായ കാര്യമല്ലെന്ന് മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു.

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന് മീഡിയവണിനേയും ഏഷ്യാനെറ്റിനേയും വിലക്കിയ സംഭവം അപലപനീയമെന്ന് സി.പി.എം പി.ബി അംഗം എം എ ബേബി. വിഷയം സി.പി.എം അവയിലബിള്‍ പൊളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്നും ബേബി പറഞ്ഞു.

ഏഷ്യാനെറ്റിന്റെയും മീഡിയവണിന്റെയും സംപ്രേഷണം ഒരു നോട്ടീസ് പോലും നൽകാതെ നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഈ നടപടി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണത്തിനെതിരെ ശക്തമായ ബഹുജനരോഷം ഉയരണമെന്നും കാനം രാജേന്ദ്രൻ പ്രസ്താവനയില്‍ പറഞ്ഞു.

കാശ്മീര്‍ മോഡല്‍ മാധ്യമ വിലക്ക് രാജ്യവ്യാപകമാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം നേതാവ് കെ.കെ രാഗേഷ് പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്രത്തെയും ജനാധിപത്യ തത്വങ്ങളെയും കേന്ദ്രസര്‍ക്കാര്‍ പിച്ചിചീന്തുകയാണെന്നും രാഗേഷ് പറഞ്ഞു.

ജനാധിപത്യ മര്യാദകള്‍ ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.