LiveTV

Live

Kerala

മാധ്യമ വിലക്ക്: രാത്രിയിലും പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി; സംസ്ഥാനത്ത് അലയടിച്ചത് കടുത്ത പ്രതിഷേധം

മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധം തുടരുകയാണ്

മാധ്യമ വിലക്ക്: രാത്രിയിലും പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി; സംസ്ഥാനത്ത് അലയടിച്ചത് കടുത്ത പ്രതിഷേധം

മാധ്യമ വിലക്കിനെതിരെ സംസ്ഥാനത്ത് അലയടിച്ചത് കടുത്ത പ്രതിഷേധം. വിലക്ക് നിലവില്‍ വന്ന രാത്രി തന്നെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജനം തെരുവിലിറങ്ങി. പലയിടത്തും രാത്രി ദേശീയ പാതകള്‍ ഉപരോധിച്ചു. മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധം തുടരുകയാണ്.

മീഡിയവണിന്‍റെയും ഏഷ്യാനെറ്റിന്‍റെയും സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്‍റെ നടപടി പുറത്ത് വന്നയുടന്‍ തന്നെ പ്രതിഷേധങ്ങള്‍‌ തുടങ്ങി. ഗ്രാമനഗര വ്യത്യാസമില്ലാതെ എല്ലായിടത്തും വിവിധ സംഘനടകളുടെ നേതൃത്വത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനായി ജനങ്ങള്‍ തെരുവിലിറങ്ങി.

മുസ്‍ലിം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി, എസ്.ഡി.പി.ഐ, കാംപസ് ഫ്രണ്ട്, സോളിഡാരിറ്റി, എസ്.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകളാണ് വിലക്കിനെ ചോദ്യം ചെയ്ത് രംഗത്തുവന്നത് . പലയിടത്തും ദേശീയ പാതകളും ഉപരോധിച്ചു. കെ.യു. ഡബ്ലു.ജെയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും രാത്രി തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇന്നും സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ വിലക്കിനെ ചോദ്യം ചെയ്ത് പ്രതിഷേധവുമായി തെരുവിലിറങ്ങി. വിലക്ക് സര്‍ക്കാര്‍ നീക്കിയതിന് ശേഷം മാധ്യമങ്ങള്‍ക്ക് പിന്തുണയുമായി വിവിധ സംഘടനകള്‍ പ്രകടനങ്ങള്‍ നടത്തി.