LiveTV

Live

Kerala

ജോണി നെല്ലൂർ പക്ഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ചു

ഉപാധികളില്ലാതെയാണ് ലയനമെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും ജോണി നെല്ലൂർ

ജോണി നെല്ലൂർ പക്ഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ചു

കേരള കോൺഗ്രസ് (ജേക്കബ്) ജോണി നെല്ലൂർ പക്ഷം കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിൽ ലയിച്ചു. ഉപാധികളില്ലാതെയാണ് ലയനമെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും ജോണി നെല്ലൂർ പറഞ്ഞു.

പിളര്‍പ്പും ലയനവും തുടര്‍കഥയായ കേരള കോൺഗ്രസിൽ ഒരു ലയനം കൂടി. കേരള കോൺഗ്രസ് ജേക്കബ് പാർട്ടിയിൽ നിന്ന് ജോണി നെല്ലൂരിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗമാണ് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗത്തിലെത്തിയത്. കേരള കോൺഗ്രസുകളുടെ യോജിപ്പിനുള്ള തുടക്കമാണ് ഇന്നത്തെ ലയനമെന്ന് ലയന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പി.ജെ ജോസഫ് പറഞ്ഞു. അനൂപ് ജേക്കബും ജോസ് കെ മാണിയുമൊക്കെ വൈകാതെ തങ്ങൾക്ക് ഒപ്പം വരേണ്ടി വരുമെന്ന് ജോണി നെല്ലൂർ പറഞ്ഞു.

എട്ട് ജില്ലാ പ്രസിഡന്‍റുമാരടക്കം പാർട്ടിയിലെ ഭൂരിഭാഗം പ്രവർത്തകരും തങ്ങൾക്കൊപ്പമെന്നാണ് ജോണി നെല്ലൂരിന്‍റെ അവകാശവാദം. ഭാവിയില്‍ കൂടുതല്‍ കേരളാ കോണ്‍ഗ്രസുകളെയും കൂടെ കൂട്ടാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം.

അതേസമയം ഭൂരിപക്ഷവും തനിക്കൊപ്പമാണെന്ന് അനൂപ് ജേക്കബ് ആവര്‍ത്തിച്ചു. ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നത് വ്യക്തി താത്പര്യം മുൻനിർത്തിയാണ്. ജോണി നെല്ലൂരിന് പാർട്ടി പിരിച്ച് വിടാൻ അധികാരമില്ല. പാർട്ടി പിരിച്ചുവിടുന്നു എന്ന് പറയാൻ ഇത് വെള്ളരിക്ക പട്ടണമല്ലെന്നും അനൂപ് ജേക്കബ് ഇടുക്കിയിൽ പറഞ്ഞു.