LiveTV

Live

Kerala

ഭവന പദ്ധതിയുടെ ഫണ്ട് ലാപ്‍സായ വയനാട്ടിലെ കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം

പട്ടയം അനുവദിച്ച് കിട്ടാത്തതിനാല്‍ സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഫണ്ട് ലാപ്‍സായ 7കുടുംബങ്ങളുടെ കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകും. മറ്റ് 17 പേര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി ക്രമങ്ങള്‍‍ അവസാനഘട്ടത്തില്‍

 ഭവന പദ്ധതിയുടെ ഫണ്ട് ലാപ്‍സായ വയനാട്ടിലെ കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പട്ടയം അനുവദിച്ച് കിട്ടാത്തതിനാല്‍ സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഫണ്ട് ലാപ്‍സായ ഏഴു കുടുംബങ്ങളുടെ കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഐഎഎസ്. പ്രദേശത്തെ മറ്റ് 17 കുടുംബങ്ങള്‍ക്ക് കൂടി പട്ടയം നല്‍കാനുള്ള നടപടി അവസാന ഘട്ടത്തിലാണെന്നും അവര്‍ മീഡിയാവണിനോട് പറഞ്ഞു. മീഡിയാവണ്‍ ഇംപാക്ട്.

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 22ാം ഡിവിഷനില്‍പ്പെട്ട ഫയര്‍ലാന്‍റ് സീക്കുന്ന് പ്രദേശത്തെ 7 കുടുംബങ്ങള്‍ക്ക് PMAY പദ്ധതിപ്രകാരം വീടിനായി അനുവദിച്ചു കിട്ടിയ 4 ലക്ഷം രൂപ വീതമുള്ള ഫണ്ട് ലാപ്സായ വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കുടുംബങ്ങള്‍ക്ക് അടിയന്തിര ഇടപെടലിലൂടെ പട്ടയം ലഭ്യമാക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍‍കി.

പ്രശ്നം ചര്‍ച്ച ചെയ്യാനായി കലക്ടര്‍ അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും പട്ടയമില്ലാതെ കഴിയുന്ന 236 കുടുംബങ്ങളില്‍ 17 പേര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി ക്രമങ്ങള്‍‍ അവസാനഘട്ടത്തിലാണെന്നും കലക്ടര്‍ അറിയിച്ചു.

പട്ടയം നല്‍കാനായുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് കാലതാമസം നേരിടുന്നതെന്ന് പട്ടയാവകാശ സംരക്ഷണ സമിതി പറയുന്നു.