LiveTV

Live

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി. 2019ലെ പട്ടിക ഉപയോഗിച്ചാല്‍ 10 കോടി രൂപ അധികച്ചെലവുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ്: 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

2019ലെ വോട്ടര്‍ പട്ടികയനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന കേരള ഹൈക്കോടതി വിധിക്ക് സ്റ്റേ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ‌വിധി. ഹൈക്കോടതി വിധിയനുസരിച്ച് വോട്ടെടുപ്പ് നടത്തുന്നത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിച്ച് കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹരജിയിലാണ് വിധി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ‌തെരഞ്ഞെടുപ്പ് 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹരജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന സർക്കാർ തുടങ്ങിയവർക്ക് സുപ്രീംകോടതി നോട്ടീസുമയച്ചു. ഹരജിയില്‍ തടസ ഹരജി നല്‍കിയിരുന്ന കോൺഗ്രസിനും മുസ്‍ലിം ലീഗിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവര്‍ 2 ആഴ്ചയ്ക്കകം മറുപടി നൽകണം. കേസ് അതിന് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചിന്‍റേതാണ് നടപടി.

കേസ് പരിഗണിക്കവെ 2019 പട്ടിക ഉപയോഗിച്ചുകൂടെ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. 2019ലെ വോട്ടർ പട്ടിക ബൂത്ത് അടിസ്ഥാനത്തിലാണ്, വാർഡ് അടിസ്ഥാനത്തിൽ അല്ല. 2019ലെ പട്ടിക തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെങ്കിൽ 10 കോടി രൂപ ചെലവാകും. ഇത് അപ്രായോഗികമാകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. എതിര്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‍വിയുടെ എതിര്‍പ്പ് മറികടന്നാണ് സുപ്രീംകോടതിയുടെ നടപടി.