LiveTV

Live

Kerala

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് അരങ്ങൊരുങ്ങുന്നു

മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം. എൻ. ഷംസുദ്ദീൻ കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനായേക്കും

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് അരങ്ങൊരുങ്ങുന്നു

സംസ്ഥാനത്തെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹത്തിന് മുസ്‍ലിം ലീഗ് നേതൃത്വത്തിലുണ്ടായിരുന്ന എതിര്‍പ്പ് കുറഞ്ഞു. കുഞ്ഞാലിക്കുട്ടി മടങ്ങി വരുന്നതിനോട് പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ ഇനിയും അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും പി.വി അബ്ദുല്‍ വഹാബ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രത്യക്ഷത്തില്‍ എതിര്‍ക്കില്ലെന്ന സ്ഥിതി വന്നുകഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കാര്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫിന്‍റെ ദൈനംദിന കാര്യങ്ങളില്‍ കുഞ്ഞാലിക്കുട്ടി സജീവമായിക്കഴിഞ്ഞു. യു.ഡി.എഫിലെ തന്‍റെ സ്ഥാനം ഓര്‍മ്മിപ്പിക്കും വിധമുള്ള ചില ഇടപെടലുകള്‍ പി.കെ കുഞ്ഞാലിക്കുട്ടി അടുത്തിടെ നടത്തിയത് ഇതിന്‍റെ ഭാഗമാണ്. പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ പിസിസി അധ്യക്ഷനെ കണ്ടതും അത് മാധ്യമങ്ങളില്‍ വാര്‍ത്തയായതും ഇതിന്‍റെ ഭാഗമാണ്. തൊട്ടുപിറകെ കുട്ടനാട് സീറ്റ് സംബന്ധിച്ച ചര്‍ച്ചക്കെന്ന പേരില്‍ ഡല്‍ഹിയില്‍ എം.പിമാരായ ബെന്നി ബെഹ്‍നാനും ജോസ് കെ മാണിയും കുഞ്ഞാലിക്കുട്ടിയും ഒരുമിച്ചിരുന്നു. ഇതും യു.ഡി.എഫിലെ തന്‍റെ സ്ഥാനം സംബന്ധിച്ച സന്ദേശം നല്‍കലായിരുന്നു. പി.ജെ ജോസഫും ജോസ് കെ മാണിയും രണ്ടായി നിന്ന് യുദ്ധം ചെയ്യുന്ന സാഹചര്യത്തില്‍ മധ്യസ്ഥനായി കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തിറങ്ങാനാണ് സാധ്യത. ഇതില്‍ കോണ്‍ഗ്രസിനും താല്‍പര്യമുണ്ട്.

 അഡ്വ. എന്‍.ഷംസുദ്ദീന്‍
അഡ്വ. എന്‍.ഷംസുദ്ദീന്‍

കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കുന്നതിനോട് ഹൈദരലി തങ്ങള്‍ക്കും വഹാബ് അടക്കമുള്ള നേതാക്കള്‍ക്കും നേരത്തേ മുതല്‍ വിയോജിപ്പായിരുന്നു. നിലപാടില്‍ കുഞ്ഞാലിക്കുട്ടി ഉറച്ചു നില്‍ക്കുകയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വഴി സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തെങ്കിലും നേതാക്കള്‍ ആദ്യം വഴങ്ങിയില്ല. കെ.എം മാണി മരിക്കുകയും കേരള കോണ്‍ഗ്രസിലെ ഭിന്നത അടക്കമുള്ള പ്രശ്നങ്ങള്‍ മുന്നണിക്ക് കീറാമുട്ടിയായി മാറുകയും ചെയ്തതോടെ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവ് സംസ്ഥാനത്ത് ആവശ്യമാണെന്ന തോന്നല്‍ പൊതുവെ യു.ഡി.എഫില്‍ ഉണ്ടായി. മടങ്ങിവരണമെന്ന നിലപാടില്‍ കുഞ്ഞാലിക്കുട്ടി ഉറച്ച് നില്‍ക്കുക കൂടി ചെയ്തതോടെ വഹാബ് അടക്കമുള്ള നേതാക്കള്‍ അയഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പോ ശേഷമോ എം.പി സ്ഥാനം രാജിവെക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ആലോചന. പാര്‍ട്ടിയില്‍ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനും മണ്ണാര്‍ക്കാട് എം.എല്‍.എയുമായ അഡ്വ. എന്‍.ഷംസുദ്ദീനെ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനാണ് സാധ്യത. യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രിയാവുക എന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം.