LiveTV

Live

Kerala

സി.എ.ജി റിപ്പോർട്ട് ചോർച്ച; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചത്.

സി.എ.ജി റിപ്പോർട്ട്  ചോർച്ച; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിന് മുമ്പ് ചോർന്നതിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ബറ്റാലിയനുകളിലെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ആരാധനാലയങ്ങളും ശ്മശാനങ്ങളും കൈവശം വച്ചിരിക്കുന്ന ഒരേക്കർ ഭൂമി വ്യവസ്ഥകൾക് വിധേയമായി പതിച്ചു നൽകുമെന്ന് റവന്യുമന്ത്രി സഭയിൽ വ്യക്തമാക്കി.

സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിന് മുമ്പ് അതിലെ കണ്ടെത്തലുകൾ പി.ടി തോമസ് ഉന്നയിച്ചത് ഗൗരവതരമായി കാണുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിന്നു. ചോർച്ചയുമായി ബന്ധപ്പെട്ട് സർക്കാർ ഏതെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് പി.ടി തോമസ് തന്നെയാണ് സഭയിൽ ചോദ്യമുന്നയിച്ചത്. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചത്.

പൊലിസിൽ പരിശീലനത്തിന് എത്തിയ പുതിയ ബാച്ചിന് ബീഫ് ഇല്ലാതെ ഭക്ഷണ മെനു തയ്യാറാക്കിയത് വിവാദമായതോടെ ആ തീരുമാനം തിരുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്. പൊലീസ് ബറ്റാലിയനുകളിലെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കിയിട്ടില്ലെന്നും പൊലീസ് അക്കാദമിയിലെ മെസ്സുകളിൽ മുമ്പും ഇപ്പോഴും ബീഫ് നൽകുന്നുണ്ടെന്നും വി.പി സജീന്ദ്രൻ്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

സി.എ.ജി റിപ്പോർട്ട്  ചോർച്ച; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

ആരാധനലയങ്ങളും ശ്മശാനങ്ങളും കൈവശം വച്ചിരിക്കുന്ന ഒരേക്കർ ഭൂമി വ്യവസ്ഥകൾക് വിധേയമായി പതിച്ചു നൽകുമെന്ന് റവന്യുമന്ത്രി വ്യക്തമാക്കി. കേരള പിറവിക്ക് മുമ്പ് കൈവശം വച്ച ഭൂമിയാണെങ്കിൽ ന്യായവിലയുടെ 25 ശതമാനവും, കേരള പിറവിക്ക് ശേഷമാണെങ്കിൽ ന്യായവില ഈടാക്കാനുമാണ് തീരുമാനം. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഉദ്യോഗസ്ഥർ ഉൾപ്പെട്ട 591 കേസുകൾ വിജിലൻസ് രജിസ്റ്റർ ചെയ്തതായും 355 കേസുകൾ അന്വേഷണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. ആരോഗ്യ വകുപ്പിൽ നിയമാനുസൃതമല്ലാതെ 745 ജീവനക്കാർ വിട്ട് നിൽക്കുന്നുവെന്നും ഇവരെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും സഭയിൽ വ്യക്തമാക്കി