LiveTV

Live

Kerala

ശമ്പളമില്ല, സ്ഥിരനിയമനമില്ല.. ഏകാധ്യാപക വിദ്യാലയങ്ങള്‍ അവഗണനയില്‍

കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം മുടങ്ങിയതിന് പുറമെ ഈ അധ്യാപകര്‍ക്ക് സ്ഥിര നിയമനമടക്കമുള്ള പരിഗണനകള്‍ ലഭിക്കുന്നുമില്ല.

ശമ്പളമില്ല, സ്ഥിരനിയമനമില്ല.. ഏകാധ്യാപക വിദ്യാലയങ്ങള്‍ അവഗണനയില്‍

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ 340 അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം. കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം മുടങ്ങിയതിന് പുറമെ ഈ അധ്യാപകര്‍ക്ക് സ്ഥിര നിയമനമടക്കമുള്ള പരിഗണനകള്‍ ലഭിക്കുന്നുമില്ല. ഈ ആവശ്യം മുന്നോട്ട് വെച്ച് സത്യഗ്രഹ സമരത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് അധ്യാപകര്‍.

15ഉം 20ഉം വര്‍ഷമായി ഏകാധ്യാപക വിദ്യാലയങ്ങളില്‍ അധ്യാപനം നടത്തുന്ന അധ്യാപകരാണ് സ്ഥിരനിയമനം കാത്ത് കഴിയുന്നത്. വയനാട് ജില്ലയില്‍ മാത്രം ഇങ്ങനെ 38 അധ്യാപകരുണ്ട്. വനാന്തര ഗ്രാമങ്ങളിലും വിദൂര ആദിവാസി ഊരുകളിലുമാണ് ജില്ലയിലെ ഏകാധ്യാപക വിദ്യാലങ്ങളിലധികവും. 5 മാസമായി ശമ്പളം കൂടി മുടങ്ങിയതോടെ സംസ്ഥാനത്തെ 340 അധ്യാപകരാണ് ദുരിതത്തിലായത്.

ഇതിനു മുന്‍പും പല തവണ ശമ്പളം മുടങ്ങിയിരുന്നു. അപ്പോഴൊക്കെയും ചര്‍ച്ചകള്‍ നടത്തി ശമ്പളം മാത്രം പുനസ്ഥാപിക്കും. എന്നാല്‍ ഇവരുടെ നിയമനം സ്ഥിരപ്പെടുത്തണമെന്ന പ്രധാന ആവശ്യം പരിഗണിക്കപ്പെടുന്നില്ലെന്നാണ് പരാതി. ഒരു സ്കൂളിന്‍റെ മുഴുവന്‍ ചുമതലകളും ഒറ്റക്ക് ഏറ്റെടുത്ത് നടത്തുന്നവര്‍ കൂടിയാണ് ഈ അധ്യാപകര്‍.

ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഈ അധ്യാപകരെ ഇനിയും സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ സത്യാഗ്രഹ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണിവര്‍. തിരുവനന്തപുരത്ത് ഉഷ എന്ന അധ്യാപിക ഇതിനകം തന്നെ സമരം ആരംഭിച്ച് കഴിഞ്ഞു.