LiveTV

Live

Kerala

സി.പി.എം നേതാവ് ഉള്‍പ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ സമരം ശക്തമാക്കി കോൺഗ്രസ്

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി

സി.പി.എം നേതാവ് ഉള്‍പ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ സമരം ശക്തമാക്കി കോൺഗ്രസ്

എറണാകുളത്ത് സി.പി.എം നേതാവ് ഉള്‍പ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ സമരം ശക്തമാക്കി കോൺഗ്രസ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിൽ സസ്പെൻഷനിലായ എറണാകുളം കലക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് വിഷ്ണു പ്രസാദ്, സി.പി.എം പ്രാദേശിക നേതാവ് എം.എം. അൻവർ എന്നിവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖരപ്പെടുത്തിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ഓഫീസിനു സമീപം മർച്ച് പൊലീസ് തടഞ്ഞു.

പ്രളയം ബാധിക്കാത്ത കാക്കനാട് താമസിക്കുന്ന അൻവറിന്‍റെ അക്കൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസമായി 10.5 ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് അൻവറിനെ സി.പി.എം സസ്‌പെൻഡ് ചെയ്തിരുന്നു. ഫണ്ട് വെട്ടിപ്പിൽ ഇടനിലക്കാരനായി പ്രവർത്തിച്ചയാളെ നിലവില്‍ പ്രതി ചേർത്തിട്ടില്ല. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം അയ്യനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എ.എൻ. രാജമ്മയുടെ മൊഴി രേഖപ്പെടുത്തി.

ട്രഷറിയിൽ നിന്നും ബാങ്കിന്‍റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതിന്‍റെ തെളിവ് ഹാജരാക്കിയതിനാലാണ് എം.എം അൻവറിനു പണം കൈമാറിയതെന്നാണ് സെക്രട്ടറി മൊഴി നൽകിയിരിക്കുന്നത്. പണം കൈമാറിയതിന്‍റെ രേഖകളും സെക്രട്ടറി അന്വേഷണ സംഘത്തിനു നൽകി. ബാങ്ക് പ്രസിഡന്‍റ് കെ.ആർ ജയചന്ദ്രന്‍റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. തെളിവുകൾ ലഭിച്ചാൽ വിഷ്ണു പ്രസാദിനെയും എം.എം. അൻവറിനെയും വൈകാതെ കസ്റ്റഡിയിൽ എടുത്തേക്കും