LiveTV

Live

Kerala

ഗീതുവിന്‍റെ സാക്ഷിവിസ്താരം പൂര്‍ത്തിയായി, സംയുക്തയെ വിസ്തരിച്ചില്ല, കുഞ്ചാക്കോയുടേത് 4ന്

നടൻ കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരം അടുത്ത മാസം 4ന്

 ഗീതുവിന്‍റെ സാക്ഷിവിസ്താരം പൂര്‍ത്തിയായി, സംയുക്തയെ വിസ്തരിച്ചില്ല, കുഞ്ചാക്കോയുടേത് 4ന്

ദിലീപ് പ്രതിയായ നടിയെ അക്രമിച്ച കേസില്‍ ഗീതു മോഹൻദാസിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. നടി സംയുക്ത വർമയും സാക്ഷിവിസ്താരത്തിന് എത്തിയെങ്കിലും ഇപ്പോൾ വിസ്തരിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു. നടൻ കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരം അടുത്ത മാസം 4ന് നടത്താൻ തീരുമാനിച്ചു.

നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് വിചാരണ കോടതിയില്‍ നടക്കുന്നത്. ഇന്ന് രാവിലെ തന്നെ സാക്ഷി വിസ്താരത്തിനായി സംയുക്ത വര്‍മയും ഗീതു മോഹന്‍ദാസും എത്തിയിരുന്നു. നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്നാണ് ഹാജരാകേണ്ടിയിരുന്നതെങ്കിലും എത്തിയില്ല. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഇരയാക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ ഇവര്‍ക്കറിയാമെന്നതിനാലാണ് പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയത്. പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്.

ഇന്നലെ കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയിരുന്നു. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമണത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണം എന്നാണ് പ്രോസിക്യൂഷന്‍ വാദം. മഞ്ജു വാര്യരുടെ സാക്ഷി വിസ്താരത്തില്‍ പ്രോസിക്യൂഷന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നാണ് വിവരം.

ചലച്ചിത്ര താരങ്ങളായ സിദ്ദീഖും ബിന്ദു പണിക്കരും ഇന്നലെ കോടതിയിലെത്തിയിരുന്നു. എന്നാല്‍ സമയക്കുറവുമൂലം ഇവരെ വിസ്തരിക്കാനായില്ല. നാളെ ശ്രീകുമാര്‍ മേനോനെ വിസ്തരിക്കാനാണ് കോടതി തീരുമാനം. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചത്.