LiveTV

Live

Kerala

‘’അബ്ദുള്ളക്കുട്ടി ഹിന്ദുവാണ്, അബ്ദുള്ളക്കുട്ടിയുടെ പൂര്‍വികരും ഹിന്ദുവാണ്’’: ബിജെപി നേതാവ് പി. പി മുകുന്ദന്‍

ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് മനഃസാക്ഷിയില്ലാത്ത ഏകപക്ഷീയമായ നടപടിയാണെന്ന് കെ. സുരേന്ദ്രന്‍. കണ്ണൂരില്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് സുരേന്ദ്രന്റെയും പി. പി മുകുന്ദന്റെയും പരാമര്‍ശം.

‘’അബ്ദുള്ളക്കുട്ടി ഹിന്ദുവാണ്, അബ്ദുള്ളക്കുട്ടിയുടെ പൂര്‍വികരും ഹിന്ദുവാണ്’’: ബിജെപി നേതാവ് പി. പി മുകുന്ദന്‍

ഫേസ്‍ബുക്ക് ലൈവിലൂടെ വിദ്വേഷപ്രസംഗം നടത്തിയതിന് അടപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ പിന്തുണച്ചു കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സാമൂഹ്യമാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരും ജിഹാദി പ്രവര്‍ത്തകരും കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകരും എല്ലാവരും കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, കലഹമുണ്ടാക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ ഇട്ടിട്ട് ഒരു കേസില്‍ പോലും പൊലീസ് നടപടിയെടുത്തില്ല. എന്നാലിപ്പോള്‍ അട്ടപ്പാടിയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ദില്ലി കലാപത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് കേരള പൊലീസ് ചെയ്തത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് മനഃസാക്ഷിയില്ലാത്ത ഏകപക്ഷീയമായ നടപടിയാണ്. കഴിഞ്ഞ 48 മണിക്കൂറായി ശ്രീജിത്തിന്റെ അറസ്റ്റ് ആഘോഷിക്കുകയാണ് കേരള പൊലീസ്. ഇതൊന്നും അനുവദിച്ചു തരാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ സുരേന്ദ്രന്‍ പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുമ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്.

പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയായിരുന്ന മുതിര്‍ന്ന നേതാവ് പി പി മുകുന്ദനാണ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയും പരിപാടിക്ക് എത്തിയിരുന്നു. ഹിന്ദു എന്നത് ഒരു സംസ്കാരത്തിന്റെയും നാടിന്റെയും പേരാണെന്നും അബ്ദുള്ളക്കുട്ടിയും അദ്ദേഹത്തിന്റെ പൂർവികരും ഹിന്ദുക്കളാണെന്നും പി പി മുകുന്ദന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഹിന്ദു എന്നത് കുറച്ചുകാലമായി വര്‍ഗീയമായാണ് കണക്കാക്കുന്നത്. അബ്ദുള്ളക്കുട്ടി ഹിന്ദുവാണ്, അബ്ദുള്ളക്കുട്ടിയുടെ പൂര്‍വികരും ഹിന്ദുവാണ്. ഹിന്ദു ഈ നാടിന്റെ പേരാണ്. ഈ ഭാരതത്തിന്റെ പേരാണ് എന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിനിടെ പി പി മുകുന്ദന്റെ വാക്കുകള്‍.

സുരേന്ദ്രന്റെ വാക്കുകള്‍:

‘’കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള വര്‍ഗീയരാഷ്ട്രീയമാണ് കേരളമിപ്പോള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്രയും കാലം മറച്ചുവെച്ചിരുന്ന പലതും ഇപ്പോള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ വര്‍ഗീയശക്തികള്‍ക്ക് ഒരു മടിയുമില്ല എന്നത് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പച്ചയായ വര്‍ഗീയ നിലപാടുകളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാരും പ്രതിപക്ഷവും പ്രധാന രാഷ്ട്രീയപാര്‍ട്ടികളും എല്ലാംതന്നെ വര്‍ഗീയരാഷ്ട്രീയത്തിലൂടെ എങ്ങനെ മുതലെടുപ്പ് നടത്താമെന്നാണ് ചിന്തിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ഗവണ്‍മെന്റും പ്രതിപക്ഷവും എല്ലാം ചേര്‍ന്ന്. ഡല്‍ഹിയിലെ കലാപത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന പ്രചരണങ്ങള്‍ എല്ലാം നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി കേരളത്തില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വാര്‍ത്തകളും വിശകലനങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളും എല്ലാം പച്ചയായിട്ടുള്ള വസ്തുതാവിരുദ്ധമായിട്ടുള്ള വര്‍ഗീയപ്രചരണങ്ങളാണ്. വസ്തുതയുമായി ഒരു പുലബന്ധം പോലുമില്ലാത്ത പ്രചാരണങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ദില്ലിയില്‍ നടന്നതിന്റെ നേര്‍വിപരീതമായ കാര്യങ്ങളാണ് കേരളത്തില്‍ പ്രചരിപ്പിക്കുന്നത്. ദില്ലിയിലെ കലാപം തീവ്രവാദശക്തികള്‍ ആസൂത്രണം ചെയ്തതാണ്. കലാപം നടന്ന സ്ഥലം, ഏത് ജനവിഭാഗമാണ് അവിടെ താമസിക്കുന്നത്, ആരുടെ കടകളാണ് കൂടുതല്‍ തകര്‍ക്കപ്പെട്ടത്, ആരാണ് കൂടുതല്‍ കൊല്ലപ്പെട്ടത്, ആരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത് എല്ലാം പരിശോധിച്ചാല്‍ തീവ്രവാദികള്‍ നടത്തിയ ആസൂത്രിതമായ കലാപമാണ് ദില്ലിയില്‍ നടന്നത് എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല. എന്നാല്‍ കേരളത്തില്‍ അത് പ്രചരിപ്പിക്കുന്നത് നേരെ തിരിച്ചാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരും ജിഹാദി പ്രവര്‍ത്തകരും കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകരും എല്ലാവരും കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, കലഹമുണ്ടാക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ ഇട്ടിട്ട് ഒരു കേസില്‍ പോലും പൊലീസ് നടപടിയെടുത്തില്ല. എന്നാലിപ്പോള്‍ അട്ടപ്പാടിയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ദില്ലി കലാപത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് കേരള പൊലീസ് ചെയ്തത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് മനഃസാക്ഷിയില്ലാത്ത ഏകപക്ഷീയമായ നടപടിയാണ്. കഴിഞ്ഞ 48 മണിക്കൂറായി ശ്രീജിത്തിന്റെ അറസ്റ്റ് ആഘോഷിക്കുകയാണ് കേരള പൊലീസ്. ഇതൊന്നും അനുവദിച്ചു തരാനാവില്ല.’’