LiveTV

Live

Kerala

കാസര്‍കോട് ബി.ജെ.പിയിലെ പ്രശ്ന പരിഹാരത്തിന് കര്‍ണാടക ആര്‍.എസ്.എസ് ഇടപെടുന്നു

പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച രവീശ തന്ത്രിയുമായി കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് നളീന്‍ കുമാര്‍ കട്ടീല്‍ ഇന്ന് ചര്‍ച്ച നടത്തും

കാസര്‍കോട് ബി.ജെ.പിയിലെ പ്രശ്ന പരിഹാരത്തിന് കര്‍ണാടക ആര്‍.എസ്.എസ് ഇടപെടുന്നു

ജില്ലാ പ്രസിഡന്റ് പ്രഖ്യാപനത്തോടെ വിഭാഗീയത രൂക്ഷമായ കാസര്‍കോട് ബി.ജെ.പിയിലെ പ്രശ്ന പരിഹാരത്തിന് കര്‍ണാടക ആര്‍.എസ്.എസ് ഇടപെടുന്നു. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച രവീശ തന്ത്രിയുമായി കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് നളീന്‍ കുമാര്‍ കട്ടീല്‍ ഇന്ന് ചര്‍ച്ച നടത്തും. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ സാനിധ്യത്തിലാണ് ചര്‍ച്ച.

പുതിയ ജില്ലാ അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിന്നാലെ കാസര്‍കോട് ബി.ജെ.പിയിലുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനാണ് കര്‍ണാടക ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി ബി.ജെ.പിയില്‍ നിന്നും രാജിവെച്ച മുന്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രഡിഡന്റ് രവീശ തന്ത്രി കുണ്ടാറുമായി നളീന്‍ കുമാര്‍ കട്ടീല്‍ ചര്‍ച്ച നടത്തും. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ സാനിധ്യത്തിലാവും ചര്‍ച്ച. പുതുതായി പ്രഖ്യാപിക്കപ്പെട്ട ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് നാളെ ചുമതലഏല്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് തന്നെ പ്രശ്നപരിഹാരത്തിന് ചര്‍ച്ച നടക്കുന്നത്. രവീശ തന്ത്രിക്ക് പുറമെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പടെ ശ്രീകാന്ത് ചുമതലഏല്‍ക്കുന്ന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കര്‍ണാടക ആര്‍ എസ് എസിന്റെ ഇടപെടല്‍.

കാസര്‍കോട് സിപിസിആര്‍ഐയില്‍ നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ജില്ലയിലെത്തുന്നത്. ഇന്ന് രാത്രി തന്നെ മംഗളൂരു വഴി കാസര്‍കോട് എത്തുന്ന മന്ത്രിക്ക് സിപിസിആര്‍ഐയിലെ അഥിതി മന്ദിരത്തിലാണ് താമസമൊരുക്കിയിട്ടുള്ളത്. ഇവിടെ തന്നെയാവും രവീശ തന്ത്രിയുമായുള്ള കൂടിക്കാഴ്ച. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ആര്‍ എസ് എസിന്റെ കാസര്‍കോട് മംഗളൂരു ജില്ലകളുടെ ചുമതലയുള്ള ഗ്രാമാന്തര പ്രമുഖായി രവീശ തന്ത്രിയെ നിശ്ചിയിക്കുമെന്നാണ് വിവരം. ആര്‍.എസ്.എസിന്റെ ഈ ഘടകത്തിന് കീഴിലാണ് ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മറ്റി.