LiveTV

Live

Kerala

കൂടത്തായ് കൊലപാതകപരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൂടത്തായ് കൊലപാതകപരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചായിരുന്നു ജോളിയുടെ ആത്മഹത്യാ ശ്രമം. അപകട നില തരണം ചെയ്ത ജോളി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പുലർച്ചെ നാല് അമ്പതിനാണ് ജോളി ജയിലിൽ ആത്മഹത്യാ ശ്രമം നടത്തിയത്. സഹതടവുകാർ ജയിൽ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആദ്യം കോഴിക്കോട് ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും ജോളിയെ പ്രവേശിപ്പിക്കുകയായിരുന്നു. കൈയിൽ കടിച്ച് മുറിവുണ്ടാക്കി ഈ മുറിവ് സെല്ലിലെ ടൈലിൽ വെച്ചുരച്ച് മുറിവ് വലുതാക്കുകയായിരുന്നുവെന്നാണ് ജോളി നൽകിയ മൊഴി. ഇത് തന്നെയാണ് പരിശോധിച്ച ഡോക്ടര്‍മാരുടെയും നിഗമനം. 0.5 സെന്റീമീറ്റര്‍ ആഴത്തിലുള്ളതാണ് ജോളിയുടെ കയ്യിലെ മുറിവ്.

ആഴത്തിൽ മുറിവുള്ളതിനാൽ ജോളിയെ മെഡിക്കൽ കോളേജാശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അടുത്ത ദിവസം കൂടി ജോളി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ഏതെങ്കിലും തരത്തിലുള്ള ആയുധം ജോളി ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയിൽ സെല്ലിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ജയില്‍ ഡി.ഐ.ജി വിനോദ് കുമാര്‍ കോഴിക്കോട് ജയിലിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ജോളിക്കൊപ്പം സെല്ലില്‍ കഴിഞ്ഞ മറ്റ് അഞ്ച് പേരുടെയും മൊഴി രേഖപ്പെടുത്തും. നേരത്തെ, ആത്മഹത്യ പ്രവണതയുള്ള ആളാണ് ജോളിയെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു ജോളി നല്‍കിയ ജാമ്യാപേക്ഷകളെ എതിര്‍ത്ത്, പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നത്.