LiveTV

Live

Kerala

ജ്ഞാനപ്പാന പുരസ്‌ക്കാരം കവി പ്രഭാവര്‍മ്മയ്ക്ക് നല്‍കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

ശ്യാമമാധവം മഹത്തായ കാവ്യമാണെന്നും ചിലര്‍ വിവാദത്തിനായി കോടതിയെ കൂട്ടുപിടിച്ചതാണെന്നും കടകംപള്ളി പറഞ്ഞു

ജ്ഞാനപ്പാന പുരസ്‌ക്കാരം കവി പ്രഭാവര്‍മ്മയ്ക്ക് നല്‍കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌ക്കാരം കവി പ്രഭാവര്‍മ്മയ്ക്ക് നല്‍കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. പുരസ്കാരത്തിന് അർഹമായ കൃതി കൃഷ്ണനെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് കാണിച്ചു നൽകിയ ഹരജിയിലാണ് ഉത്തരവ്. നാളെയാണ് പുരസ്കാരം നൽകേണ്ടിയിരുന്നത്.

പുരസ്കാരത്തിനെതിരെ സന്യാസിമാരുടെ കൂട്ടായ്മയായ മാർഗദർശക് മണ്ഡലും ഹിന്ദു ഐക്യവേദിയുമാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 2013ലെ വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ രചനയാണ് ശ്യാമമാധവം.

ശ്രീകൃഷ്ണനെ തെറ്റായ രീതിയിൽ ചിത്രീകരിച്ച കൃതിക്ക് ദേവസ്വം ബോർഡ് അവാർഡ് നൽകുന്നത് നീതീകരിക്കാനാവില്ലെന്നതായിരുന്നു പരാതി. ഭക്ത കവിയായ പൂന്താനത്തിന്റെ പേരിലുള്ള പുരസ്കാരം കൃഷ്ണനെ വികലമായി ചിത്രീകരിച്ച പ്രഭാവർമ്മയ്ക്ക് നൽകുന്നത് അംഗീകരിക്കാൻ ആവില്ല എന്നായിരുന്നു ഹര ശിക്കാരന്റെ വാദം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ഈ പുരസ്കാരം നൽകുന്നത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണ്. ഭക്തരെ അവഹേളിക്കുന്ന സമീപനമാണന്നും ആക്ഷേപമുയർന്നിരുന്നു.

എന്നാല്‍ ഇതിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തുവന്നു. ശ്യാമമാധവം മഹത്തായ കാവ്യമാണെന്നും ചിലര്‍ വിവാദത്തിനായി കോടതിയെ കൂട്ടുപിടിച്ചതാണെന്നും കടകംപള്ളി പറഞ്ഞു. കോടതിക്ക് ശരി ബോധ്യപ്പെടും. അവാർഡ് ദാനം കോടതി വിധി വന്നശേഷമായിരിക്കുമെന്നും പൂന്താനം സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഭാ വർമ്മയെ തെരഞ്ഞെടുത്തതിൽ ഗുരുവായൂർ ദേവസ്വത്തിന് തെറ്റിയിട്ടില്ലെന്നും കടകംപള്ളി സംരേന്ദ്രന്‍ പറഞ്ഞു.