LiveTV

Live

Kerala

ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് പദ്ധതി; വീണ്ടും ടെണ്ടർ ക്ഷണിക്കും

അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുന്നത്

ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് പദ്ധതി; വീണ്ടും ടെണ്ടർ ക്ഷണിക്കും

കേരള പോലീസിന്‍റെ ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് പദ്ധതിക്ക് വേണ്ടി റീ ടെൻഡർ നടത്താൻ തീരുമാനം. പദ്ധതി സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് നിലവിലെ ടെൻഡർ നടപടികൾ ഉപേക്ഷിച്ചത്. അതേ സമയം ടെൻഡർ വിശദാംശങ്ങൾ ചോർന്നതും, സാങ്കേതിക പ്രശ്നങ്ങളുമാണ് റീ ടെൻഡറിന് കാരണമെന്നാണ് പോലീസ് വിശദീകരണം.

സിംസ് പദ്ധതിക്ക് ശേഷം പോലീസ് നടത്താനിരുന്ന ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് പദ്ധതിക്ക് വേണ്ടിയുള്ള ടെൻഡർ നടപടികളാണ് വിവാദങ്ങൾക്ക് പിന്നാലെ ഉപേക്ഷിച്ചത്. റീ ടെൻഡർ നടപടികൾ ഉടനാരംഭിക്കും. വാഹനങ്ങളുടെ അമിതവേഗവും സിഗ്നല്‍ ലംഘനവും ഉള്‍പ്പെടെയുള്ള ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തി ഡ്രൈവര്‍മാര്‍ക്ക് ശിക്ഷനല്‍കാനും അതുവഴി നിരത്തുകളില്‍ യാത്ര സുഗമമാക്കാനും ഉദ്ദേശിച്ചാണ് ഇന്‍റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ മൂന്ന് തവണയാണ് പദ്ധതിക്കുവേണ്ടി പോലീസ് ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. ഇതില്‍ രണ്ടുതവണയും ഒരു കമ്പനി മാത്രമേ അപേക്ഷിച്ചിരുന്നുള്ളൂ. മൂന്നാമതും ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ രണ്ടു കമ്പനികള്‍ അപേക്ഷിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സേനയിലെ മുതിര്‍ന്ന ഓഫീസര്‍മാരെ കൂടാതെ പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനം ഐ.ടി മിഷന്‍, സിഡാക്, നാറ്റ്പാക്, മോട്ടോര്‍ വാഹനവകുപ്പ് എന്നീ വകുപ്പുകളില്‍ നിന്ന് ലഭ്യമാക്കി ഇവാലുവേഷന്‍ കമ്മിറ്റി രൂപീകരിച്ചു.

ഫീല്‍ഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെക്നിക്കല്‍ ഇവാലുവേഷന്‍ നടപടികള്‍ നടന്നുവരുന്നതിനിടെ പദ്ധതിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. കെൽട്രോൺ മുഖേന പദ്ധതി സ്വകാര്യ കമ്പനിയെ ഏൽപിക്കാൻ നീക്കമെന്നായിരുന്നു ആരോപണം. ടെക്നിക്കല്‍ ഇവാലുവേഷന്‍ പോലും ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ ആരോപണം അടിസ്ഥാന രഹിതമെന്നായിരുന്നു പോലീസ് വിശദീകരണം. വിവാദം മുറുകുന്നതിനിടെയാണ് നിലവിലെ ടെൻഡർ നടപടി ഉപേക്ഷിച്ച് റീ ടെൻഡറിന് തീരുമാനിച്ചത്.