LiveTV

Live

Kerala

സ്കൂള്‍ അധികൃതരുടെ വീഴ്ച മൂലം പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ഥികള്‍  

കൊച്ചി തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാർസ് സ്കൂളിന് അംഗീകാരമില്ലെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ സച്ചിന്‍ ഠാക്കൂര്‍ മീഡിയവണിനോട് പറഞ്ഞു

സ്കൂള്‍ അധികൃതരുടെ വീഴ്ച മൂലം പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ഥികള്‍  

സ്കൂൾ മാനേജ്‍മെന്റിന്റെ വീഴ്ചയെ തുടർന്ന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാതെ പോയ വിദ്യാർത്ഥികൾ പരീക്ഷാദിനത്തിലും പ്രതിഷേധവുമായി രംഗത്ത്. കൊച്ചി തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 29 വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ സാധിക്കാതെ പോയത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രണ്ടു വർഷം മുമ്പുതന്നെ സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.

പരീക്ഷയെഴുതാൻ കഴിയില്ലെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നുവെങ്കിലും പ്രതീക്ഷ കൈവിടാതെ രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിന് മുന്നിലെത്തിയിരുന്നു. കുട്ടികളുടെ മാസങ്ങളോളം നീണ്ട തയാറെടുപ്പ് വിഫലമായെന്നറിഞ്ഞതോടെ മാതാപിതാക്കളിൽ പലരും പൊട്ടിക്കരഞ്ഞു.

സ്കൂളിന് അംഗീകാരം ഇല്ലാത്തതിനാൽ മറ്റൊരു സ്കൂളിലെ വിദ്യാർഥികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ഏഴ് കൊല്ലമായി അരൂജാസ് സ്കൂൾ മാനേജ്‍മെന്റ് വിദ്യാർത്ഥികളെ പരീക്ഷ എഴുതിച്ചിരുന്നത്. ഇക്കൊല്ലം ഇത് നടക്കാതെ വന്നതോടെയാണ് 29 വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടമാകുന്നത്.

സ്കൂളിന് അംഗീകാരമില്ലെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ സച്ചിന്‍ ഠാക്കൂര്‍ മീഡിയവണിനോട് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2018 ൽ സ്കൂൾ പൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. സ്കൂൾ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ എൻഒസി ലഭിച്ചിരുന്നില്ലെന്ന് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും സ്ഥിരീകരിച്ചു. സ്കൂൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌, എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. മാതാപിതാക്കളുടെ പരാതിയിൽ സ്കൂൾ അധികൃതർക്കെതിരെ പോലീസ് കേസ് എടുത്തു.

കഴിഞ്ഞ 7 വര്‍ഷമായി ഇക്കാര്യം മറച്ചുവെച്ചാണ് സ്കൂള്‍ അഡ്മിഷന്‍ നടപടികളുമായി മുന്നോട്ടുപോയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മറ്റ് സ്കൂളില്‍ പരീക്ഷ എഴുതാനുള്ള സൌകര്യങ്ങള്‍ സ്കൂള്‍ അധികൃതര്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഇത്തവണ ആ ശ്രമം പരാജയപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതെയായത്.