LiveTV

Live

Kerala

കൂടത്തായി വ്യാജ ഒസ്യത്ത് കേസ്: നോട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി

സര്‍ക്കാര്‍ നോട്ടറിയായ വിജയകുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

കൂടത്തായി വ്യാജ ഒസ്യത്ത് കേസ്: നോട്ടറിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി

കൂടത്തായി വ്യാജ ഒസ്യത്ത് കേസില്‍ സര്‍ക്കാര്‍ നോട്ടറിയായ വിജയകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിച്ചു. വിജയകുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കൂടത്തായിയിലെ ടോം തോമസിന്റെ പേരിലുള്ള ഭൂമി ജോളിയുടെ പേരിലേക്ക് മാറ്റുവാനായി വ്യാജ ഒസ്യത്തുണ്ടാക്കിയെന്നതായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. വ്യാജ ഒസ്യത്തിന്‍മേല്‍ സര്‍ക്കാര്‍ നോട്ടറിയായ വിജയകുമാര്‍ അധികാരം ദുര് വിനിയോഗം ചെയ്ത് അറ്റസ്റ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇയാളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിച്ചത്. നേരത്തെ ഇയാളില്‍ നിന്നും രഹസ്യമൊഴി എടുത്തിരുന്നു. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ജോളി വ്യാജ ഒസ്യത്തിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത ശേഷം വിജയകുമാറിന്റെ കുന്ദമംഗലത്തെ ഓഫീസില്‍ അറ്റസ്റ്റ് ചെയ്യാനായി എത്തുകയായിരുന്നു. മറ്റൊരു പ്രതിയായ മനോജിന്റെ സഹായത്തോടെയാണ് ജോളി വിജയകുമാറിന്റെ അടുത്തെത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ടോം തോമസിന്റെ പേരിലുള്ള ഒസ്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ വിജയകുമാര്‍ അറ്റസ്റ്റേഷന്‍ നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഒറിജനല്‍ വില്‍പ്പത്രം കാണാതെ സാമ്പത്തിക നേട്ടത്തിനായി അധികാര ദുര്‍വിനിയോഗം ചെയ്ത് വിജയകുമാര്‍ ജോളിക്ക് അറ്റസ്റ്റ് ചെയ്തു നല്‍കുകയായിരുന്നുവെന്നും റോയ് വധക്കേസിലെ കുററപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പോലീസിന്റെ അപേക്ഷയില്‍ ഇനി നിയമവകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്.