LiveTV

Live

Kerala

പി.എസ്‍.സി കോച്ചിങ് സെന്ററില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്; പരിശീലനം നല്‍കിയ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

കോച്ചിങ് സെന്ററില്‍ പരിശീലനം നല്‍കിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു

പി.എസ്‍.സി കോച്ചിങ് സെന്ററില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്; പരിശീലനം നല്‍കിയ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് പിഎസ്‍സി കോച്ചിങ് സെന്ററില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കുന്ന പിഎസ്‍സി സെന്ററിലാണ് റെയ്ഡ് നടക്കുന്നത്.

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോച്ചിംഗ് സെന്ററിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. മൂന്ന് കോച്ചിംഗ് സെന്‍ററുകള്‍ക്കെതിരെയാണ് അന്വേഷണം. പൊതുഭരണ സെക്രട്ടറിയുടേയും പിഎസ്‍സിയുടേയും ആവശ്യ പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ ഉടമസ്ഥതയില്‍ തിരുവനന്തപുരം നഗരകേന്ദ്രത്തില്‍ മൂന്ന് പിഎസ്‍സി കോച്ചിംഗ് സെന്ററുകളുണ്ട്. ഇവരില്‍ രണ്ടുപേര്‍ ദീര്‍ഘകാലമായി അവധിയിലാണ്. ഈ രണ്ടു പേരും കോച്ചിംഗ് സെന്ററില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുഭരണ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയത്.

ഇതിനു പുറമേ പിഎസ്‍സി സെക്രട്ടറിയും വിജിലന്‍സിനെ സമീപിച്ചിരുന്നു. വിജിലന്‍സിന്റെ സ്പെഷ്യല്‍ സെല്ലിനാണ് കേസിന്റെ അന്വേഷണ ചുമതല. ഡിവൈഎസ്‍പി പ്രസാദാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ആരോപണം നേരിടുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം നടന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു. ഇയാള്‍ അഡ്മിനായിട്ടുള്ള വാട്സപ്പ് കൂട്ടായ്മയില്‍ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ ലിസ്റ്റും പങ്കുവെച്ചിട്ടുണ്ട്. പിഎസ്‍സി ഉദ്യോഗസ്ഥരുമായി ഈ മൂന്ന് പേര്‍ക്കും ബന്ധമുണ്ടോ എന്നതും, ഇവരുടെ സ്വത്ത് വകകള്‍ സംബന്ധിച്ചുമായിരിക്കും പ്രധാനമായും അന്വേഷണം നടക്കുക.