LiveTV

Live

Kerala

ഭാരത് ബന്ദിന് പിന്തുണയുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍; ഹര്‍ത്താല്‍ പൊതുജീവിതത്തെ ബാധിച്ചില്ല

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. സര്‍വീസ് മുടക്കരുതെന്ന് കാണിച്ച് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡപ്യൂട്ടി മാനേജര്‍ എല്ലാ ഡിപ്പോ അധികൃതര്‍ക്കും നോട്ടിസ് നല്‍കിയിരുന്നു

 ഭാരത് ബന്ദിന് പിന്തുണയുമായി സംസ്ഥാനത്ത് ഹര്‍ത്താല്‍; ഹര്‍ത്താല്‍ പൊതുജീവിതത്തെ ബാധിച്ചില്ല

സംവരണത്തിനെതിരായ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത ബന്ദിന് പിന്തുണയുമായി കേരളത്തില്‍ ഇന്ന് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. പൊതുജീവിതത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

കേരള ചേരമര്‍ സംഘം, ദളിത് പാന്തേഴ്സ്, ആദിവാസി ഗോത്രമഹാസഭ തുടങ്ങി പതിനെട്ട് സംഘടനകളാണ് ഭാരത് ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹര്‍ത്താല്‍ നടത്തുന്നത്. വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ചയായതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രതീതിയില്ല. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. സര്‍വീസ് മുടക്കരുതെന്ന് കാണിച്ച് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡപ്യൂട്ടി മാനേജര്‍ എല്ലാ ഡിപ്പോ അധികൃതര്‍ക്കും നോട്ടിസ് നല്‍കിയിരുന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച് ഭീം ആര്‍മി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റില്‍ നിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.