LiveTV

Live

Kerala

പൗരത്വ പ്രക്ഷോഭം: പ്രചാരണ വാഹനം ഓടിച്ചതിന് കലാപാഹ്വാന ശ്രമം ചുമത്തി കേസ് 

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചരണ വാഹനം പിടിച്ചെടുത്ത് വട്ടിയൂര്‍ക്കാവ് പൊലീസാണ് കേസെടുത്തത്.

പൗരത്വ പ്രക്ഷോഭം: പ്രചാരണ വാഹനം ഓടിച്ചതിന് കലാപാഹ്വാന ശ്രമം ചുമത്തി കേസ് 

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രചാരണ വാഹനം ഓടിച്ചതിന് കലാപാഹ്വാന ശ്രമം ചുമത്തി കേസ്. ഒക്യുപൈ രാജ്ഭവന്‍ പരിപാടിയുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി ഇറക്കിയ പ്രചാരണ വാഹനം പിടിച്ചെടുത്ത് വട്ടിയൂര്‍ക്കാവ് പൊലീസാണ് കേസെടുത്തത്. പൌരത്വ ഭേദഗതിക്കെതിരെ പ്രകോപനപരമായി പ്രചാരണം നടത്തിയെന്നാണ് എഫ്.ഐ.ആര്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം 25 മുതല്‍ 26 വരെയാണ് വെല്‍ഫയര്‍ പാര്‍ട്ടി ഒപ്യുപൈ രാജ്ഭവന്‍ എന്ന പ്രതിഷേധ പരിപാടി നടത്തുന്നത്. ശാഹീന്‍ ബാഗ് സമര നേതാക്കളായ അസ്മാ ഖാതൂന്‍, ബില്‍ക്കീസ്, സര്‍വരി തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി ഇന്ന് മുതല്‍ വാഹന പ്രചാരണം നടത്താന്‍ പൊലീസില്‍ നിന്ന് അനുമതി തേടി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും അനുമതിയായെന്നും കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വാഹനം നിരത്തിലിറങ്ങിയതെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ വെച്ച് വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് കലാപാഹ്വാന കുറ്റം ചുമത്തി കേസും രജിസ്റ്റര്‍ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകോപനപരമായ പ്രചാരണം നടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഒക്യുപൈ രാജ്ഭവന്‍ പരിപാടിയെ തടസപ്പെടുത്താനാണ് പൊലീസ് ശ്രമമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. മ്യൂസിയം ഭാഗത്ത് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും പൊലീസ് എടുത്തുമാറ്റി.