LiveTV

Live

Kerala

എം.എസ്.എഫ് സംസ്ഥാന കൌണ്‍സിലിനിടെ നേതാക്കളെ പൂട്ടിയിട്ട സംഭവത്തില്‍ 6 പേരെ കൂടി സസ്പെന്‍ഡ് ചെയ്തു

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം

എം.എസ്.എഫ് സംസ്ഥാന കൌണ്‍സിലിനിടെ നേതാക്കളെ പൂട്ടിയിട്ട സംഭവത്തില്‍ 6 പേരെ കൂടി സസ്പെന്‍ഡ് ചെയ്തു

എം.എസ്.എഫ് സംസ്ഥാന ഭരവാഹി തെരഞ്ഞെടുപ്പിനായി ചേർന്ന കൗൺസിൽ യോഗത്തിനിടെ റിട്ടേർണിങ് ഓഫീസർമാരെ പൂട്ടിയിട്ട സംഭവത്തിൽ 6 എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെൻഷൻ. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന്റേതാണ് നടപടി. വിഷയത്തിൽ ലീഗ് നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്നലെ സംസ്ഥാന അധ്യക്ഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് കോഴിക്കോട് ചേർന്ന കൗൺസിൽ യോഗത്തിൽ ഭാരവാഹി സ്ഥാനത്തെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും റിട്ടേർണിങ് ഓഫീസർമാരായ ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലിയെയും ലീഗ് നേതാവ് സി.പി ചെറിയ മുഹമ്മദിനെയും ഒരു വിഭാഗം തടഞ്ഞു വെക്കുകയും ചെയ്തിരുന്നു. ആഭ്യന്തര തർക്കം പരസ്യമായതോടെ മായിൻ ഹാജി, പി.എം.എ സലാം എന്നിവരെ ലീഗ് നേതൃത്വം അന്വേഷണ കമ്മീഷനായി നിയോഗിച്ചു. പ്രവർത്തകരിൽ നിന്നും നേതാക്കളിൽ നിന്നും മൊഴിയെടുത്ത കമ്മീഷൻ ചേരിതിരിഞ്ഞ് പ്രവർത്തനമുണ്ടായതായി കണ്ടെത്തുകയും ഇന്നലെ പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങൾക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭാരവാഹികളും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുമുൾപ്പടെ ആറു പേരെ സസ്‌പെൻഡ് ചെയ്തത്. ക്യാമ്പസ്‌ കൗൺസിൽ കൺവീനർ മുഫീദ് റഹ്മാൻ നാദാപുരം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.ടി ജാസിം, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് കെ.പി റാഷിദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അർഷാദ് ജാതിയേരി, ഇ.കെ ശഫാഫ് പേരാവൂർ, ഷബീർ അലി തെക്കേക്കാട്ട് എന്നിവർക്കാണ് സസ്പെൻഷൻ. രണ്ട് തവണ മാറ്റിവെച്ച എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി വേഗത്തിൽ പ്രശ്നമവസാനിപ്പിക്കുക എന്നതാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.