LiveTV

Live

Kerala

എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികള്‍ അറസ്റ്റില്‍

കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മുസ്‍ലിം ലീഗ് പ്രവർത്തകരാണ് പോലീസ് പിടിയിലായത്.

എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികള്‍ അറസ്റ്റില്‍

എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പയ്യന്നൂരിൽ മൂന്ന് പേർ അറസ്റ്റിലായി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മുസ്‍ലിം ലീഗ് പ്രവർത്തകരാണ് പോലീസ് പിടിയിലായത്.

തൃക്കരിപ്പൂർ യൂത്ത്‌ ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറും ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.പി അനൂപ് കുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകനും ചീമേനി കൊടക്കാട് സ്വദേശിയുമായ പ്രിയദർശൻ, കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് അച്ചാം തുരുത്തിയിലെ വി.വി ചന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.

എയർപോർട്ട് ജൂനിയർ എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് വ്യവസായവകുപ്പ് വഴി ജോലി തരപ്പെടുത്തും എന്നു പറഞ്ഞാണ് പണം ആവശ്യപ്പെട്ടിരുന്നത്. അമ്പതിനായിരം രൂപ മുൻകൂറായി വാങ്ങുകയും 15 ലക്ഷം രൂപ തന്നാൽ ജോലിയിൽ സ്ഥിരപ്പെടുത്താം എന്നുമാണ് വാഗ്ദാനം. മന്ത്രി ഓഫീസുകളിലടക്കം ഉന്നതരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്ന് പയ്യന്നൂർ സബ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.

കണ്ണൂർ എയർപോർട്ടിൽ ജോലി ചെയ്യുന്ന പലരും തങ്ങൾ മുഖാന്തരം ജോലിയിൽ പ്രവേശിച്ചവരാണെന്നും ഇവർ വിശ്വസിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പണം ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ ഒരു യുവാവ് വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ ശ്രീജിത്ത്‌ കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം പയ്യന്നൂരിൽ വച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.