LiveTV

Live

Kerala

ആരാധനാലയത്തിന് സമീപം ബാര്‍ തുറക്കാന്‍ നീക്കം; ഹെെകോടതിയില്‍ ഹരജി

പള്ളിക്ക് സമീപം ദൂരപരിധി ലംഘിച്ച് ബാർ തുറന്നാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു

ആരാധനാലയത്തിന് സമീപം ബാര്‍ തുറക്കാന്‍ നീക്കം; ഹെെകോടതിയില്‍ ഹരജി

വയനാട് കൽപറ്റയിൽ ആരാധനാലയത്തോട് ചേര്‍ന്ന് ബാർ തുറക്കാൻ നീക്കം. ദൂരപരിധി ലംഘിച്ച് മദ്യശാല അനുവദിക്കുന്നതിനെതിരെ പ്രതിഷേധിച്ച പള്ളി ഭാരവാഹികള്‍ ഹൈക്കോടതിയിൽ ഹരജി നല്‍കി. ഇതേ തുടര്‍ന്ന് അഭിഭാഷക കമീഷൻ സ്ഥലം സന്ദർശിച്ചു.

കൽപറ്റ പുതിയ ബസ് സ്റ്റാന്റിന് സമീപം മസ്ജിദ് മുബാറകിന്റെ മതിലിനോട് ചേർന്നുള്ള സ്വകാര്യ ഹോട്ടലില്‍ ബാര്‍ തുടങ്ങാനുള്ള നീക്കം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ദൂരപരിധി ലംഘിച്ചും നിയമങൾ കാറ്റിൽ പറത്തിയും ബാർ അനുവദിക്കുന്നതിനെതിരെ പള്ളി കമ്മിറ്റി നൽകിയ ഹരജിയിൽ അഭിഭാഷക കമീഷൻ സ്ഥലം സന്ദർശിച്ചു.

ആദ്യം പള്ളിയിലേക്കും മദ്രസയിലേക്കും നടന്നു പോകുന്ന വഴി രാത്രിയില്‍ അടച്ചു കെട്ടുകയായിരുന്നു. 1987 മുതൽ ഉപയോഗിച്ച് വരുന്ന വഴിയാണിത്. പള്ളിക്ക് സമീപം ദൂരപരിധി ലംഘിച്ച് ബാർ തുറന്നാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ പൊലീസും എക്സൈസ് സംഘവും സ്ഥലത്തെത്തിയിരുന്നു. പള്ളിയോട് ചേർന്ന് 100 - ഓളം കുട്ടികൾ പഠിക്കുന്ന മദ്രസയുണ്ട്. ഇവിടെനിന്നും 3 മീറ്റര്‍ ദൂരം മാത്രമേ മദ്യശാലയുടെ മതിലിലേക്കുള്ളൂ.

രാത്രിയിൽ പള്ളിയുടെ വഴി കെട്ടിയടച്ചതിനെതിരെ കമ്മിറ്റി ജില്ലാ കലക്ടർക്ക് പരാതി നല്‍കിയിരുന്നു. പള്ളി വഴി തുറന്ന് നൽകാൻ കലക്ടർ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.പൊലീസിനും കല്‍പ്പറ്റ നഗരസഭാ സെക്രട്ടറിക്കും പരാതി നൽകിയതായും പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.