LiveTV

Live

Kerala

കൊല്ലത്ത് കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം: കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു

പാക് സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണ് വെടിയുണ്ടകളെന്നാണ് സംശയം. വെടിയുണ്ട കണ്ടെത്തിയ സംഭവം തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറി.

കൊല്ലത്ത് കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം: കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു

കൊല്ലം കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. എൻ.ഐ.എ സംഘം കുളത്തുപ്പുഴ പൊലീസ് സ്റ്റേഷനില്‍ എത്തി പരിശോധന നടത്തും. വെടിയുണ്ടകള്‍‍ പരിശോധിക്കുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം കുളത്തൂപ്പുഴ സ്റ്റേഷനിലെത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. കേസില്‍ മിലട്ടറി ഇന്റലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൊല്ലം കുളത്തൂപ്പുഴയില്‍ കണ്ടെത്തിയത് പാകിസ്താന്‍ നിര്‍മിത വെടിയുണ്ടകളാണെന്നാണ് സംശയം. പാക് സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണ് വെടിയുണ്ടകളെന്നാണ് സംശയം.

കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പൊലീസിന്റെ ആര്‍മറര്‍, ഫോറന്‍സിക് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇവ പാകിസ്താനില്‍ നിര്‍മിച്ചതാണെന്നാണ് സംശയമുയര്‍ന്നു. പാകിസ്താന്‍ സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്.

വെടിയുണ്ടകളില്‍ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പി.ഒ.എഫ് എന്നത് പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരാണെന്നാണ് നിഗമനം. 1981, 1982 എന്നീ വര്‍ഷങ്ങളില്‍ നിര്‍മിച്ചവയാണ് വെടിയുണ്ടകളെന്നും പ്രാഥമിക പരിശോധനയില്‍ പോലീസ് സംശയിക്കുന്നു. 7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങളിലാണ് ഉപയോഗിക്കുന്നത്. ലൈറ്റ് മെഷിന്‍ ഗണ്‍, എ.കെ 47 തുടങ്ങിയ തോക്കുകളിലും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നുണ്ട്.

വെടിയുണ്ടകള്‍ കണ്ടെത്തിയ മുപ്പതടി പാലത്തിന് സമീപം പൊലീസ് മെറ്റല്‍ ഡിക്റ്റക്ടറിന്റെ സഹായത്തോടെ വീണ്ടും പരിശോധന നടത്തി. ആയുധ നിയമ പ്രകാരം പൊലീസ് കേസെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. കേസ് തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറിയതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.