LiveTV

Live

Kerala

സി.എ.ജി റിപ്പോര്‍ട്ട്; ഇടത് മുന്നണി യോഗം ഇന്ന് ചേരും

സി.എ.ജി റിപ്പോര്‍ട്ട്;  ഇടത് മുന്നണി യോഗം ഇന്ന് ചേരും

സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കെ ഇടത് മുന്നണി യോഗം ഇന്ന് ചേരും. ആഭ്യന്തര വകുപ്പിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഘടകക്ഷികള്‍ ആരെങ്കിലും പൊലീസിനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. പൗരത്വ നിയമത്തിനെതിരായ തുടര്‍ പ്രക്ഷോഭങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.

ആഭ്യന്തര വകുപ്പിനെതിരേയും പ്രത്യേകിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരേയും കടുത്ത വിമര്‍ശനങ്ങളുള്ള സി.എ.ജി റിപ്പോര്‍ട്ടില്‍ ഇടത് മുന്നണി ഇതുവരെ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഇന്ന് ചേരുന്ന മുന്നണി യോഗത്തില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യതയുണ്ട്. പൊലീസിനെതിരെ നിരന്തര വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സി.പി.ഐ മുന്നണി യോഗത്തില്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. പരസ്യ വിമര്‍ശനങ്ങള്‍ ഇതുവരെ ഉന്നയിക്കാത്ത മറ്റ് ഘടകകക്ഷികള്‍ യോഗത്തില്‍ എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. റിപ്പോര്‍ട്ട് യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തേത് കൂടിയാണെന്നും, റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് ചോര്‍ന്ന കിട്ടിയതില്‍ ചില സംശങ്ങളുണ്ടെന്ന നിലപാട് സി.പി.എം മുന്നണി യോഗത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. പൗരത്വ നിയമത്തിനെതിരായ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ സംബന്ധിച്ച തീരുമാനം യോഗത്തലുണ്ടാകും.

ഭഗത് സിംങിനെ തൂക്കിലേറ്റിയതിന്‍റെ വാര്‍ഷികമായ ഫെബ്രുവരി 23 ന് സംസ്ഥാനത്ത് വിപുലമായി പ്രതിഷേധ പരിപാടികള്‍ നടത്താനും തീരുമാനമുണ്ടായേക്കും. കോഴിക്കോട് പന്തീരാങ്കാവില്‍ അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സി.പി.ഐ ഇരുവരേയും പാര്‍ട്ടി പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മുന്നണി യോഗത്തില്‍ എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയുമോ എന്നാണ് ഇനി അറിയേണ്ടത്.