LiveTV

Live

Kerala

അവിനാശി അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ ഗിരീഷിന്റെയും കണ്ടക്ടര്‍ ബൈജുവിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു

കെഎസ്ആര്‍ടിസി മുന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി പെരുമ്പാവൂരില്‍ ഗിരീഷിന്റെ വീട്ടിലെത്തി അന്ത്യമോപചാരമര്‍പ്പിച്ചു

അവിനാശി അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ ഗിരീഷിന്റെയും കണ്ടക്ടര്‍ ബൈജുവിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു

അവിനാശി അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ ഗിരീഷിന്റെയും കണ്ടക്ടര്‍ ബൈജുവിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇരുവരുടെയും വീടുകളില്‍ എത്തിയത്.

ഇന്നലെ രാത്രിയില്‍ ബൈജുവിന്റെയും ഗിരീഷിന്റെയും മൃതദേഹം എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തുമ്പോള്‍‌ സഹപ്രവര്‍ത്തകര്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. രാവിലെ മുതല്‍ ഇരുവരുടെയും വീടുകളിലേക്ക് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തി. മാതാവും ഭാര്യയും പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകളുമടങ്ങുന്ന കുടുംബത്തിന്റെ എല്ലാമെല്ലാമായിരുന്നു ബൈജു. 9.40ന് പിറവം വെളിയനാടുള്ള വസതിക്ക് സമീപം ഒരുക്കിയിരിക്കുന്ന ചിതയിലേക്ക് ബൈജുവിന്റെ മൃതദേഹം എടുത്തു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ എല്ലാവരും പൊട്ടിക്കരയുകയായിരുന്നു.

കെഎസ്ആര്‍ടിസി മുന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി പെരുമ്പാവൂരില്‍ ഗിരീഷിന്റെ വീട്ടിലെത്തി അന്ത്യമോപചാരമര്‍പ്പിച്ചു. ഭാര്യയും, മകളും, അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഗിരീഷ്. പെരുമ്പാവൂർ ഒക്കല്‍ ശ്മശാനത്തിലാണ് ഗിരീഷിന്റെ സംസാരചടങ്ങുകള്‍ നടന്നത്. 2008ലാണ് ഗിരീഷ് തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ ജോലിക്ക് പ്രവേശിക്കുന്നത്. 2018ൽ എറണാകുളം ബംഗളൂരു യാത്രക്കിടെ യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിലെത്തിക്കാന്‍ നടത്തിയ പരിശ്രമത്തിന് മികച്ച സേവനത്തിനുള്ള പുരസ്‌കാരം നല്‍കി ഗിരീഷിനെയും ബൈജുവിനെയും കെഎസ്ആര്‍ടിസി ആദരിച്ചിരുന്നു.