LiveTV

Live

Kerala

സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പുറത്ത് വന്നതിലെ ഗൂഢാലോചന അന്വേഷിക്കണം- എ വിജയരാഘവന്‍

സംസ്ഥാനത്ത് വെള്ളക്കരം 30 ശതമാനം വർദ്ധിപ്പിക്കാനുള്ള ശുപാർശ മുന്നണി യോഗം അംഗീകരിച്ചില്ല

സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പുറത്ത് വന്നതിലെ ഗൂഢാലോചന അന്വേഷിക്കണം- എ വിജയരാഘവന്‍

സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പുറത്ത് വന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരു ചർച്ചയും മുന്നണി യോഗത്തിൽ നടന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് വെളളക്കരം വർധിപ്പിക്കേണ്ടതില്ലെന്ന് മുന്നണി യോഗം തീരുമാനമെടുത്തു.

പൊലീസിനെതിരെ നിരവധി ഗുരുതര ആരോപണങ്ങളുള്ള സിഎജി റിപ്പോർട്ട് സംബന്ധിച്ച് ചർച്ച വേണമെന്നാവശ്യം മുന്നോട്ട് വയ്ക്കാനോ എന്തെങ്കിലും പരാമർശം നടത്താനോ ഘടകകക്ഷികൾ പോലും മുന്നണി യോഗത്തിൽ തയ്യാറായില്ല. റിപ്പോർട്ട് നേരത്തെ പുറത്ത് വന്നതിലെ സംശയമാണ് മുന്നണി കണ്‍വീനര്‍ മുന്നോട്ട് വച്ചത്. ഇക്കാര്യത്തില്‍ സിഎജിയെ തന്നെയാണ് സംശയത്തിന്‍റെ നിഴലില്‍ ഇടത് മുന്നണി നിര്‍ത്തുന്നത്.

സംസ്ഥാനത്ത് വെള്ളക്കരം 30 ശതമാനം വർദ്ധിപ്പിക്കാനുള്ള ശുപാർശ മുന്നണി യോഗം അംഗീകരിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരക്ക് വർധിപ്പിക്കുന്നത് ജനവികാരം എതിരാക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പിന്‍റെ ശുപാർശ അംഗീകരിക്കേണ്ടെന്ന് മുന്നണി യോഗം തീരുമാനിച്ചത്. ഡൽഹിയിൽ വെള്ളം സൗജന്യമായി നൽകുമ്പോൾ ഇവിടെ വെള്ളക്കരം കൂട്ടുന്നത് നല്ല സന്ദേശം നൽകില്ലെന്നും യോഗത്തിൽ അഭിപ്രായങ്ങളുയർന്നു. ഇപ്പോൾ നിരക്ക് വർധിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രിയും യോഗത്തിൽ പറഞ്ഞു. അതേസമയം പൗരത്വ നിയമത്തിനെതിരായ തുടർ പ്രക്ഷോഭ പരിപാടികൾ ഇടത് മുന്നണി തീരുമാനിച്ചു. മാർച്ച് 10 മുതൽ 20 വരെ വാർഡ് തലത്തിൽ ഗൃഹ സന്ദർശന പരിപാടികൾ സംഘടിപ്പിക്കും. മാർച്ച് 23ന് പഞ്ചായത്ത് തലത്തിൽ ഭരണഘടന സംരക്ഷണ സദസുകൾ നടത്താനും തീരുമാനിച്ചു.