LiveTV

Live

Kerala

ട്രെയിനുകളിലെ മോഷണം; അന്വേഷണം തമിഴ്നാട്ടിലേക്കും

തമിഴ്നാട് ക്യൂ ബ്രാഞ്ച് നല്‍‌കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം

ട്രെയിനുകളിലെ മോഷണം;   അന്വേഷണം തമിഴ്നാട്ടിലേക്കും

ട്രെയിനുകളിലെ മോഷണത്തിന്റെ അന്വേഷണം തമിഴ്നാട്ടിലെ തിരിട്ടുഗ്രാമത്തിലേക്കും. തമിഴ്നാട് ക്യൂ ബ്രാഞ്ച് നല്‍‌കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആറംഗ സംഘത്തിന്റെ പങ്കാളിത്തം കൂടി അന്വേഷിക്കാനുള്ള തീരുമാനം. ഇവരുടെ ചിത്രങ്ങളും റെയില്‍വേ പൊലീസിന് ക്യൂബ്രാഞ്ച് കൈമാറി.

ചെന്നൈ -മംഗലാപുരം എക്സ്പ്രസിലും മലബാര്‍ എക്സ്പ്രസിലും നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ ഏത് സംഘമാണെന്ന കൃത്യമായ തെളിവുകളിലേക്ക് എത്തിച്ചേരാന്‍ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല. പല വിധ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്. ബംഗ്ളുരുവില്‍ പിടിയിലായ ഹരിയാനയില്‍ നിന്നുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോള്‍ ജയിലിലുള്ള ഇവരെ അടുത്ത കേസില്‍ ബംഗ്ളുരു പോലീസ് കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ അവിടെ ചെന്ന് ചോദ്യം ചെയ്യാനാണ് റെയില്‍വേ പൊലീസിന്റെ തീരുമാനം.

ബംഗ്ളുരു പൊലീസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹരിയാന സംഘത്തില്‍ പെടുന്നവരുടെ മൊബൈല്‍ ഫോണ്‍ കോള്‍‌ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. അതിനിടെയാണ് തമിഴ്നാട് ക്യൂബ്രാഞ്ച് തെക്കേഇന്ത്യ യില്‍ മോഷണം നടത്താനിടയുള്ളതായി സൂചിപ്പിച്ച് കൊണ്ട് തിരിട്ടു ഗ്രാമത്തില്‍ നിന്നുള്ള ആറംഗ സംഘത്തിന്റെ വിവരം കൈമാറിയത്. തുടര്‍ന്ന് ഇവരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും കേരളത്തിലേയും തമിഴ്നാട്ടിലേയും എല്ലാ റെയില്‍വേ പൊലീസ് സ്റ്റേഷനുകള്‍ക്കും നല്‍കി. ഈ സംഘത്തില്‍ പെടുന്നവരെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.