LiveTV

Live

Kerala

വെടിയുണ്ടകളും തോക്കുകളും കാണാതായിട്ടില്ല; സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി

തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ല. ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.

വെടിയുണ്ടകളും തോക്കുകളും കാണാതായിട്ടില്ല; സി.എ.ജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി

പൊലീസിലെ ക്രമക്കേട് സംബന്ധിച്ച് സി.എ.ജി കണ്ടെത്തലുകള്‍ ആഭ്യന്തര സെക്രട്ടറി തള്ളി. തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടിട്ടില്ല. ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തര വകുപ്പിനെതിരെ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു. ഈ പശ്ചാതലത്തില്‍ ആഭ്യന്തര സെക്രട്ടറിയോട് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം സര്‍ക്കാരിനെ വെള്ളപൂശാന്‍ തയ്യാറാക്കിയതാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

1994 മുതല്‍ വെടിയുണ്ടകളുടെ സ്റ്റോക്ക് രജിസ്റ്ററില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്നും, 25 തോക്കുകള്‍ കാണാതായി എന്ന് പറയുന്നത് ശരിയല്ലെന്നും അഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2017ല്‍ തന്നെ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് ആഭ്യന്തര സെക്രട്ടറി പറയുന്നത്. പോലീസ് സ്റ്റേഷനുകള്‍ക്ക് വാഹനം വാങ്ങാതെ ഉന്നത ഉദ്യോഗസ്ഥര്‍ ആഡംബര കാര്‍ വാങ്ങിയെന്ന സി.എ.ജി കണ്ടെത്തല്‍ ശരിയല്ലെന്നാണ് ഹോംസെക്രട്ടറിയുടെ മറ്റൊരു വാദം.

ഇന്നോവ അടക്കമുള്ള വാഹനങ്ങള്‍ വാങ്ങി ഹൈവേ പട്രോളിങിനും മറ്റും നല്‍കിയിട്ടുണ്ടെന്നും സ്റ്റേഷനുകളില്‍ വാഹന ദൗര്‍ലഭ്യമില്ലെന്നും പറഞ്ഞാണ് പൊലീസിന്‍റെ നടപടിയെ ബിശ്വാസ് മേത്ത ന്യായീകരിക്കുന്നത്. ജിപിഎസിനായി പാനാസോണിക്കില്‍ നിന്ന് ടാബ്ലറ്റുകള്‍ വാങ്ങിയതില്‍ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയതില്‍ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായില്ല എന്ന് പറയുന്ന ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തില്‍ ഡിജിപിയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുണ്ട്.

കീഴുദ്യോഗസ്ഥര്‍ക്ക് ക്വാട്ടേഴ്സ് പണിയാനുള്ള പണം വകമാറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിഞ്ഞതിനേയും റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നുണ്ട്. 2013 -14 കാലയളവിലാണ് ക്വാട്ടേഴ്സ് പണിയാന്‍ പണം അനുവദിച്ചതെന്നും എന്നാല്‍ 2017 വരെ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് ഉപധനാഭ്യര്‍ത്ഥനയിലൂടെ 2018 ലാണ് ഈ പണം കിട്ടിയതെന്നാണ് വിശദീകരണം. അപ്പോഴേക്കും നിര്‍മ്മാണ ചിലവ് വര്‍ധിച്ചതിനാല്‍ ക്വാട്ടേഴ്സ് പണിയാന്‍ കഴിഞ്ഞില്ല, ഫണ്ട് പാഴാകാതിരിക്കാനാണ് വില്ലകള്‍ പണിതതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.