LiveTV

Live

Kerala

പൗരത്വ പ്രക്ഷോഭം; സര്‍ക്കാര്‍ നിലപാടിലെ വൈരുധ്യങ്ങള്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് തീരുമാനം

മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തെ തുടര്‍ന്ന് മുസ്‍ലിം സമൂഹത്തിലുണ്ടായ അസ്വസ്ഥതയെ അഭിമുഖീകരിക്കാനും ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നു

പൗരത്വ പ്രക്ഷോഭം; സര്‍ക്കാര്‍ നിലപാടിലെ വൈരുധ്യങ്ങള്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് തീരുമാനം

പൗരത്വ പ്രക്ഷോഭത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നിലപാടിലെ വൈരുധ്യങ്ങള്‍ തുറന്നുകാട്ടി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് തീരുമാനം. പ്രക്ഷോഭങ്ങളിലെ തീവ്രവാദ ആരോപണം ഹിന്ദുവോട്ട് നേടാനാണെന്ന ആരോപണം കെ.പി.സി.സി അധ്യക്ഷന്‍ തന്നെ ഉന്നയിച്ചു കഴിഞ്ഞു. പൌരത്വ നിയമ ഭേദഗതി, സഭാ തര്‍ക്കം എന്നിവയിലൂടെ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തെയും കോണ്‍ഗ്രസ് ഗൌരവത്തോടെ കാണും.

പൗരത്വ നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭം, നിയമസഭയിലെ പ്രമേയം, സുപ്രിം കോടതിയിലെ ഹരജി എന്നിവയിലൂടെ നഷ്ടപ്പെട്ട ന്യൂനപക്ഷ സ്വാധീനം തിരിച്ചുപിടിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് തിരിച്ചറിയുന്നു. ഇത് മറികടക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളെ തന്നെ കോണ്‍ഗ്രസ് ആയുധമാക്കുന്നത്. പൗരത്വ പ്രക്ഷോഭങ്ങളിലെ തീവ്രവാദ നുഴഞ്ഞുകയറ്റമെന്ന പരാമര്‍ശം ഗുണം ചെയ്തത് മോദിക്കാണെന്ന് പറഞ്ഞുവെക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തെ തുടര്‍ന്ന് മുസ്‍ലിം സമൂഹത്തിലുണ്ടായ അസ്വസ്ഥതയെ അഭിമുഖീകരിക്കാനും ഇതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നു. തീവ്രവാദികളെന്ന് മുദ്രകുത്തുന്നവരുമായുള്ള സി.പി.എമ്മിന്‍റെ പൂര്‍വ ബന്ധങ്ങളെ ചൂണ്ടിക്കാട്ടി നിലപാടിലെ വൈരുധ്യവും കോണ്‍ഗ്രസ് ചര്‍ച്ചയാക്കും.

പൗരത്വ നിയമവും ബജറ്റിലെ ജനവിരുദ്ധതയും ഒരുപോലെ സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളിലെ വിഷയമാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.