LiveTV

Live

Kerala

ബാധ്യതകള്‍ തീര്‍ക്കാന്‍ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ വിൽക്കുന്നു

ഇക്കാര്യം കാട്ടി മാധ്യമങ്ങളിൽ രൂപതാ നേതൃത്വം പരസ്യവും നൽകി. എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ ഇതിനെതിരെ ഭിന്നാഭിപ്രായമുണ്ട്

ബാധ്യതകള്‍ തീര്‍ക്കാന്‍ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ വിൽക്കുന്നു

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ വിൽക്കുന്നു. രൂപതയുടെ ആശുപത്രിയുടെ ബാധ്യതകൾ തീർക്കാനാണ് പാലായില്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കറോളം സ്ഥലം വിൽക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം കാട്ടി മാധ്യമങ്ങളിൽ രൂപതാ നേതൃത്വം പരസ്യവും നൽകി. എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ ഇതിനെതിരെ ഭിന്നാഭിപ്രായമുണ്ട്.

കോട്ടയം ചേര്‍പ്പുങ്കലിൽ അടുത്തിടെ ആരംഭിച്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ മാർ സ്ലീവാ മെഡിസിറ്റിയുടെ നിർമാണവും പ്രവർത്തനവുമാണ് രൂപതക്ക് വലിയ ബാധ്യത ഉണ്ടാക്കിയത്. ആശുപത്രിക്കായി ശമ്പളം അടക്കം പ്രതിമാസം മൂന്നുകോടിയോളമാണ് ബാധ്യത. ഒപ്പം മറ്റ് ബാധ്യതകളും വന്നതോടെയാണ് ഭൂസ്വത്തുക്കള്‍ വില്‍ക്കാനുള്ള തീരുമാനത്തിലേക്ക് രൂപത കടന്നത്. പാലാ ബിഷപ്പ് ഹൗസിന് എതിർവശത്തെ 26 സെന്റ്, കൊട്ടരമറ്റം- കുറവിലങ്ങാട് റോഡ് സൈഡിലെ 1.62 ഏക്കർ, അൽഫോൻസ കോളജിന് സമീപത്തെ 58 സെൻറ് അടക്കമുള്ളവയാണ് വിൽക്കുന്ന പട്ടികയിലുള്ള സ്ഥലങ്ങൾ. പാലാ ബിഷപ്പ് ഹൗസ് പ്രൊകുറേറ്റിന്റെ പേരില്‍ വിൽക്കാനായി പത്ര പരസ്യവും നല്കിയിട്ടുണ്ട്. എന്നാല്‍ വിശ്വാസികളില്‍ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഞായറാഴ്ച പാലാ രൂപതയിലെ പള്ളികളിൽ വലിയ നോമ്പിന്റെ മുന്നൊരുക്കമായി രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വായിച്ച ഇടയ ലേഖനത്തിലും ഇക്കാര്യം പരാമര്‍ശിച്ചു. വലിയ നോമ്പിൽ മത്സ്യ-മാംസാദികൾ വർജ്ജിക്കുന്നതിലൂടെ ലഭിക്കുന്ന പണം മെഡിസിറ്റിയുടെ ആവശ്യങ്ങൾക്കായി നൽകണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. ചില എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സഭയുെട എല്ലാ ഘടകങ്ങളിലും ആലോചിച്ചാണ് വിൽപ്പന തീരുമാനമെടുത്തതെന്നും കടുത്ത സാമ്പത്തിക ബാധ്യതയില്ലെന്നും രൂപത അധികൃതര്‍ വ്യക്തമാക്കി.