LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം:  ഇന്ന് അറസ്റ്റിലായ ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കി

പ്രതികള്‍ക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി മരണം:  ഇന്ന് അറസ്റ്റിലായ ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കി

നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ഇന്ന് അറസ്റ്റിലായ ആറ് പ്രതികൾക്ക് അനുവദിച്ച ജാമ്യം റദ്ദാക്കി. പ്രതികള്‍ക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം സി.ജെ.എം കോടതിയുടേതാണ് നടപടി. സി.ബി.ഐയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

അഞ്ച് പൊലീസുകാരെയും ഒരു ഹോം ഗാർഡിനെയുമാണ് ഇന്ന് അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ സി.ബി റെജിമോൻ, റോയി പി വർഗ്ഗീസ്, സിവിൽ പൊലീസ് ഓഫീസർമാരായ എസ് നിയാസ്, സജീവ് ആൻറണി , ജിതിൻ കെ ജോർജ്, ഹോം ഗാർഡ് കെ.എം ജെയിംസ് എന്നിവരെയാണ് സി.ബി.ഐ ഇന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യ പ്രതി കെ.എ സാബുവിനെ കോടതി ആറ് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിന് പിന്നാലെ തന്നെ ശേഷിക്കുന്ന ആറ് പേരെയും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സി.ബി.ഐ ആരംഭിച്ചിരുന്നു.

കെ.എ സാബുവിന്‍റെ കസ്റ്റഡി അപേക്ഷയിൽ കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കിയിരുന്നു. മുഴുവൻ പ്രതികളെയും ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് സി.ബി.ഐ കണക്കുകൂട്ടുന്നത്.

ഇടുക്കി നെടുങ്കണ്ടം സ്വദേശി രാജ് കുമാർ കഴിഞ്ഞ വർഷം ആഗസ്റ്റ് 21 നാണ് പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.