LiveTV

Live

Kerala

പൗരത്വ സമരം: പിണറായിയുടെ തീവ്രവാദ ആരോപണം ഹിന്ദുവോട്ട് ലക്ഷ്യമിട്ടെന്ന് മുല്ലപ്പള്ളി

എപ്പോഴാണ് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയും മുഖ്യമന്ത്രി പിണറായി വിജയന് കയ്പുള്ള കഷായമായതെന്ന് മുല്ലപ്പള്ളി

പൗരത്വ സമരം: പിണറായിയുടെ തീവ്രവാദ ആരോപണം ഹിന്ദുവോട്ട് ലക്ഷ്യമിട്ടെന്ന് മുല്ലപ്പള്ളി

സംസ്ഥാനത്തെ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമാക്കിയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീവ്രവാദബന്ധം ആരോപിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മോദിയെ പ്രീണിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

എപ്പോഴാണ് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയും മുഖ്യമന്ത്രി പിണറായി വിജയന് കയ്പുള്ള കഷായമായതെന്ന് മുല്ലപ്പള്ളി ചോദിക്കുന്നു‍. ഈ സംഘടനകളുമായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലൊഴികെ സി.പി.എമ്മിന് ബന്ധമുണ്ടായിരുന്നു. എസ്.ഡി.പി.ഐയുമായി സി.പി.എം പഞ്ചായത്തുകളില്‍ സഹകരിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. പൊലീസിലെ അഴിമതി സംബന്ധിച്ച സി.എ.ജിയുടെ കണ്ടെത്തലുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് ഏഴിന് മാര്‍ച്ച് നടത്താനും തീരുമാനമായി.

അതേസമയം പൊതുവിഷയങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായം ഇല്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. രമേശ് ചെന്നിത്തലയും വി.ഡി സതീശനും പി.സി ചാക്കോയുമാണ് വിമര്‍ശനം ഉന്നയിച്ചത്. സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് നേതാക്കള്‍ വിമര്‍ശിച്ചത്.