കണ്ണൂരില്‍ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: അമ്മ അറസ്റ്റില്‍
കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.
കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. തയ്യില്‍ കടപ്പുറത്തിന് സമീപത്തെ കൊടുവളളി വീട്ടില്‍ ശരണ്യയെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കുന്നതിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. ശരണ്യയെ നാളെ കോടതിയില്‍ ഹാജരാക്കും.
ഒന്നര വയസുളള മകന് വിയാനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ശരണ്യയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കടല്‍ ഭിത്തിയോട് ചേര്‍ന്ന പാറക്കൂട്ടത്തില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ശരണ്യ നല്കിയ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.
കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് പ്രണവാണെന്നായിരുന്നു ശരണ്യയുടെ ആദ്യമൊഴി. എന്നാല്‍ ശരണ്യക്ക് മറ്റൊരു കാമുകനുണ്ടെന്ന പ്രണവിന്റെ മൊഴി കേസിന്റെ ദിശ തിരിച്ചു. ഒപ്പം ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍ വെള്ളത്തിന്റെ അംശം കണ്ടെത്തിയതും പ്രധാന തെളിവായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കടല്‍ ഭിത്തിക്ക് മുകളില്‍ നിന്നും കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ശരണ്യ പൊലീസിനോട് സമ്മതിച്ചു. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊന്നതെന്നും ശരണ്യ മൊഴി നല്കി.
ശരണ്യയുടെ കാമുകന് വാരം സ്വദേശി നിധിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം ശരണ്യയെ കോടതിയില്‍ ഹാജരാക്കും.