LiveTV

Live

Kerala

ഏകോപനമില്ല, ഫോണ്‍ വിളി പോലുമില്ല: മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനം

വര്‍ക്കിങ് പ്രസിഡന്റായി ഒന്നര വര്‍ഷമായിട്ടും കെ.പി.സി.സി പ്രസിഡന്റിന്റെ ഒരു ഫോണ്‍ വിളി പോലും ഉണ്ടായില്ലെന്ന് കെ സുധാകരന്‍

 ഏകോപനമില്ല, ഫോണ്‍ വിളി പോലുമില്ല: മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനം

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. നേതൃത്വത്തിന്‍റെ ഭാഗത്ത് ഏകോപനമില്ലെന്നും നേതാക്കള്‍ തമ്മില്‍ ആശയവിനിമയം ഇല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വീഴ്ചയുണ്ടായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സമ്മതിച്ചു

സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളിന്മേല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റും പറഞ്ഞത് ഉദ്ധരിച്ചാണ് നേതൃവിമര്‍ശനത്തിലേക്ക് നേതാക്കള്‍ കടന്നത്. പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ പോലും നേതാക്കള്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നില്ലെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഫോണിലെങ്കിലും പരസ്പരം ആശയ വിനിയമയം നടത്താറുണ്ടോ എന്ന് വി.ഡി സതീശന്‍ മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരോടായി ചോദിച്ചു. ഏകോപനം നടത്തേണ്ട ചുമതലയുള്ളത് അധ്യക്ഷനാണെന്നും അത് നടക്കുന്നില്ലെന്നും കെ മുരളീധരനും പറഞ്ഞു.

അപ്പോഴാണ് പ്രസിഡന്‍റ് ഒന്നര വര്‍ഷമായി ഫോണ്‍ വിളിക്കാത്ത കാര്യം കെ സുധാകരന്‍ പറഞ്ഞത്. സുധാകരന്‍ തന്നെ കാണാനും വന്നിട്ടില്ലെന്ന് മുല്ലപ്പള്ളി മറുപടി പറഞ്ഞു. മൂന്നു തവണ ചര്‍ച്ചക്കെത്തിയെങ്കിലും അവസരം ലഭിച്ചില്ലെന്ന് സുധാകരന്‍ തിരിച്ചടിച്ചു. പൊതുവായ വിഷയങ്ങളില്‍ കൂടിയാലോചിച്ച് പൊതു നിലപാട് രൂപപ്പെടുത്തി മുന്നോട്ടു പോകണമെന്ന നിര്‍ദേശമാണ് ചര്‍ച്ചക്കൊടുവില്‍ ഉയര്‍ന്നത്. ആശയ വിനിമയത്തിലെ വീഴ്ച മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു.

പൌരത്വ വിഷയത്തില്‍ സംയുക്ത സമരം വേണമെന്ന് കെ.വി തോമസ് ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയ കാര്യ സമിതി തള്ളി. പൌരത്വ സമരം, സഭാതര്‍ക്കം എന്നിവ മുന്‍നിര്‍ത്തി ന്യൂനപക്ഷങ്ങളില്‍ സ്വാധീനം ചെലുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ടെന്നും അത് തിരിച്ചറിയണമെന്നും അഭിപ്രായമുയര്‍ന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ നേതാക്കളെ ചുമതലപ്പെടുത്താനും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.