LiveTV

Live

Kerala

കരുണ സംഗീത നിശയുടെ സംഘാടകര്‍ തട്ടിപ്പുകാരല്ല; പിന്തുണയുമായി സി.പി.എം

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍റെ സംഘാടകർ തട്ടിപ്പുകാരാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞത്.

കരുണ സംഗീത നിശയുടെ സംഘാടകര്‍ തട്ടിപ്പുകാരല്ല; പിന്തുണയുമായി സി.പി.എം

തട്ടിപ്പ് വിവാദത്തില്‍ പെട്ട കരുണ സംഗീത നിശയുടെ സംഘാടകർക്ക് പിന്തുണയുമായി സി.പി.എം. പരിപാടിയുടെ സംഘാടകര്‍ തട്ടിപ്പുകാരല്ലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് നടത്തിയ പരിപാടിയുടെ വരുമാനം സര്‍ക്കാറിന് കൈമാറാതിരുന്നതാണ് വിവാദമായത്. ചലച്ചിത്ര പ്രവര്‍ത്തകരായ ആഷിഖ് അബു, ബിജിപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍റെ സംഘാടകർ തട്ടിപ്പുകാരാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞത്. റീജ്യണൽ സ്പോര്‍ട്സ് സെന്ററിന്റെ ആനുകൂല്യം ഏറ്റവും കൂടുതൽ കൈപ്പറ്റിയ എറണാകുളം എം.പി തന്നെ അരോപണം ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

2019 നവംബർ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നതെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിയില്ല. തുടർന്ന് പരിപാടി തട്ടിപ്പാണെന്ന ആരോപണം ശക്തമായതോടെ സംഘാടകർ ആറ് ലക്ഷം രൂപയുടെ ചെക്ക് നൽകി.

എന്നാൽ ലാഭമുണ്ടാകാത്ത പരിപാടിക്ക് എങ്ങനെ പണം ലഭിച്ചെന്ന് അന്വേഷിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. ജില്ല കലക്ടറുടെ നിർദ്ദേശപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം പരിശോധിച്ചു.