LiveTV

Live

Kerala

ആലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം

രണ്ടാനച്ഛൻ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം

ആലപ്പുഴയിൽ മൂന്ന് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം. ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ കുഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കുഞ്ഞിനെ മർദ്ദിച്ച രണ്ടാനച്ഛൻ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു.

അമ്പലപ്പുഴ കാക്കാഴത്ത് രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. രണ്ടാനച്ഛൻ വൈശാഖ് ക്രൂരമായി കുഞ്ഞിനെ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ ജനനേന്ദ്രിയം നീര് വന്ന നിലയിലാണ്. കൈകൊണ്ടും പലകകൊണ്ടുമാണ് തല്ലിയത്. കണ്ണിനു ചുറ്റും നീലിച്ച പാടുകൾ ഉണ്ട്. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

മർദന വിവരമറിഞ്ഞു എത്തിയ നാട്ടുകാരിൽ നിന്ന് പ്രതി രക്ഷപ്പെടാനായി കടലിൽ ചാടി. പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ തന്നെ വൈശാഖിനെ പിടികൂടി. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മ മോനിഷയുടെ മൊഴി പൊലീസും ചൈൽഡ് ലൈനും രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പും ഇയാൾ കുട്ടിയെ മർദിച്ചിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. വൈശാഖ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പുറത്തറിയിക്കാതിരുന്നത്. ഈ മൊഴി ചൈൽഡ് ലൈനും പൊലീസും വിശ്വസിച്ചിട്ടില്ല. കുട്ടിയെ മർദ്ദിച്ചത് മറച്ചു വെച്ചതിന് അമ്മയ്ക്കെതിരെയും കേസെടുക്കും. മൂന്നുമാസം മുൻപാണ് രണ്ടുതവണ വിവാഹിതയായ മോനിഷയെ വൈശാഖ് രണ്ടാം വിവാഹം ചെയ്തത്.