LiveTV

Live

Kerala

എം.എസ്.എഫ് ഗ്രൂപ്പ് പോര്; റിയാസ് പുല്‍പ്പറ്റയെ നീക്കി, കെ.എന്‍ ഹക്കീം തങ്ങള്‍ക്ക് ചുമതല 

എം.എസ്.എഫ് തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

എം.എസ്.എഫ് ഗ്രൂപ്പ് പോര്; റിയാസ് പുല്‍പ്പറ്റയെ നീക്കി, കെ.എന്‍ ഹക്കീം തങ്ങള്‍ക്ക്  ചുമതല 

എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ തലത്തിലേക്ക്.ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്ന മലപ്പുറം ജില്ലാ എംഎസ്എഫ് പ്രസിഡന്‍റ് റിയാസ് പുല്‍പ്പറ്റയെ ലീഗ് ജില്ലാ കമ്മിറ്റി സ്ഥാനത്ത് നിന്ന് നീക്കി. എം.എസ്.എഫ് തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിഷാദ് കെ. സലീമിനെ പ്രസിഡന്‍റാക്കണമെന്ന നിലപാടില്‍ നിലവിലെ എം.എസ്.എഫ് നേത്യത്വവും.പികെ നവാസിനെ പ്രസിഡന്‍റാക്കണമെന്ന അഭിപ്രായത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഉറച്ച് നില്‍ക്കുന്നതിനിടെയാണ് അച്ചടക്ക നടപടികള്‍ തുടങ്ങിയത്.ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്ന എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് റിയാസ് പുല്‍പ്പറ്റയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റായ മുസ്ലീംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സ്ഥാനത്ത് നിന്ന് നീക്കി. എന്തിനാണ് മാറ്റിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ലെങ്കിലും

എം.എസ്.എഫ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം അട്ടിമറിച്ചെതിനിലാണ് നടപടിയെന്ന് നേത്യത്വം വിശദീകരിക്കുന്നു. പി.കെ നവാസ് സംസ്ഥാന പ്രസിഡന്റാകട്ടെയെന്നായിരുന്നു ലീഗ് ജില്ലാ നേത്യത്വത്തിന്‍റെ അഭിപ്രായം. പക്ഷെ കൌണ്‍സില്‍ യോഗത്തിന് മുമ്പാകെ റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ ഭാരവാഹികളോട് അഭിപ്രായം ചോദിച്ചപ്പോള്‍ നിഷാദ് കെ. സലീം പ്രസിഡന്റാകണമെന്ന നിലപാട് റിയാസ് പറഞ്ഞുവെന്നാണ് ലീഗ് നേത്യത്വം ആരോപിക്കുന്നത്.ലീഗ് മുഖപത്രമായ ചന്ദ്രികയിലൂടെയാണ് നടപടി അറിഞ്ഞതെന്നും എന്തിനാണ് മാറ്റിയതെന്ന് അറിയിച്ചിട്ടില്ലന്നും റിയാസ് പുല്‍പ്പറ്റ പ്രതികരിച്ചു. ജില്ലാ ലീഗ് കമ്മിറ്റിക്ക് എം.എസ്.എഫ് പ്രസിഡന്‍റിനെ മാറ്റാന്‍ കഴിയില്ലന്ന് നിലപാടിലാണ് എം.എസ്.എഫ് സംസ്ഥാന നേതൃത്വം.

അതിനിടെ എം.എസ്.എഫ് തെരഞ്ഞെടുപ്പിനിടെ നേതാക്കളെ പൂട്ടിയിട്ട സംഭവം അന്വേഷിക്കാന്‍ ലീഗ് സംസ്ഥാന ഭാരവാഹികളായ എം.സി മായിന്‍ ഹാജിയേയും പി.എം.എ സലാമിനേയും പാര്‍ട്ടി നേത്യത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. നേതാക്കളെ പൂട്ടിയിട്ട സംഭവത്തില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാവാനാണ് സാധ്യത.