LiveTV

Live

Kerala

അനധികൃത സ്വത്ത് സമ്പാദനം: വി.എസ് ശിവകുമാറിനെതിരെ കേസെടുക്കാന്‍ അനുമതി

അനധികൃത സ്വത്ത് സമ്പാദനം: വി.എസ് ശിവകുമാറിനെതിരെ കേസെടുക്കാന്‍ അനുമതി

മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെതിരെയും വിജിലന്‍സ് കേസ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ വിജിലന്‍സിന് അനുമതി നല്‍കി. അടുത്ത ആഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും.

അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി ആകെ 23 പരാതികളാണ് ശിവകുമാറിനെതിരെ വിജില‍ന്‍സില്‍ ലഭിച്ചത്. ഇതില്‍ പലതും കഴമ്പില്ലെന്ന് കണ്ട് തള്ളി. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ഒരു പരാതിന്മേല്‍ 2016 മുതല്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ കഴിമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ശിവകുമാറിന്‍റെ പേഴ്സണല്‍ സ്റ്റാഫും സുഹൃത്തുക്കളും ഉള്‍പ്പെടെ 7 പേരുടെ പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി.

ജനുവരി 20ന് വിജിലന്‍സ് മേധാവിയായ എ.ഡി.ജി.പി അനില്‍കാന്ത് സര്‍ക്കാരിനോട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി. ഈ അപേക്ഷയിലാണ് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ്സെക്രട്ടറി അനുമതി നല്‍കിയത്. അടുത്ത ആഴ്ച തന്നെ അഴിമതി നിരോധന നിയമ പ്രകാരം അദ്ദേഹത്തിനെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ഇതോടെ ഇബ്രാഹിം കുഞ്ഞിന് പിന്നാലെ മറ്റൊരു യുഡിഎഫ് മന്ത്രിയും വിജിലന്‍സ് കേസില്‍ പ്രതിയാവുകയാണ്.

സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നാണ് ശിവകുമാറിന്‍റെയും രമേശ് ചെന്നിത്തലയുടെയും പ്രതികരണം. കഴമ്പില്ലെന്ന് കണ്ട് തള്ളിയ പരാതിയാണ് വീണ്ടും അന്വേഷിക്കുന്നതെന്ന് വി.എസ് ശിവകുമാര്‍ ആരോപിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.