LiveTV

Live

Kerala

സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ സര്‍ക്കാരിന് സംശയം

റിപ്പോര്‍ട്ട് വയ്ക്കുന്നതിന്‍റെ തലേദിവസം നിയമസഭയില്‍ പി.ടി തോമസ് അതേ വിഷയം ഉന്നയിച്ചതാണ് സര്‍ക്കാര്‍ ആയുധമാക്കുന്നത്

സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ സര്‍ക്കാരിന് സംശയം

പൊലീസിലെ ക്രമക്കേട് പുറത്തെത്തിച്ച സി.എ.ജി റിപ്പോർട്ട് ചോർന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍. റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് പി.ടി തോമസ് സഭയില്‍ പരാമര്‍ശിച്ചത് ഇതിന് തെളിവാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.‍പൊലീസ് തലപ്പത്തെ അഴിമതിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് പി.ടി തോമസ് എം.എല്‍.എ പ്രതികരിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകള്‍ സി.എ.ജിയില്‍ നിന്ന് ചോര്‍ന്നത് പോലെയാണ് ഇതും ചോര്‍ന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

പൊലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് നടപടികളിലെ നിബന്ധനകളെ ലംഘിച്ചാണ്, സിംസ് പദ്ധതിയില്‍ വന്‍ അഴിമതി നടന്നു, കീഴ് ഉദ്യോഗസ്ഥര്‍ക്ക് ക്വാട്ടേഴ്സ് പണിയാനുള്ള പണം ഉപയോഗിച്ച് സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ പണി കഴിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഈ മാസം 11 ന് നിയമസഭയില്‍ പി.ടി തോമസ് ഉന്നയിച്ചത്. ഇതേ കണ്ടെത്തലുകളാണ് പിറ്റേദിവസം സഭയില്‍ വെച്ച് സി.എ.ജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതാണ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന സംശയം സര്‍ക്കാര്‍ പ്രകടിപ്പിക്കാന്‍ കാരണം.

സി.എ.ജി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രമാണ് പി.ടി തോമസ് സഭയിൽ പറഞ്ഞതെന്ന് കടകംപള്ളി പറഞ്ഞു. 2016 ലെ കാര്യങ്ങൾ പറഞ്ഞ പി.ടി തോമസ് എന്ത് കൊണ്ട് 2013 ല്‍ നടന്ന കാര്യങ്ങൾ നിയമ സഭയിൽ പറഞ്ഞില്ലായെന്ന് കടകം പള്ളി ചോദിച്ചു.

സി.എ.ജി റിപ്പോർട്ട് ചോർന്നുവെന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായം സർക്കാരിന്റെ അഭിപ്രായമാണെന്നും കടകംപള്ളി വ്യക്തമാക്കി. നേരത്തെ കിഫ്ബി ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്‍കിയ ജീവനക്കാരുടെ പങ്ക് ഇക്കാര്യത്തിലുമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. എന്തായായും പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി വിശദാംശങ്ങള്‍ ചോദിക്കുമ്പോള്‍ രേഖാമൂലം തന്നെ മറുപടി നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. എന്നാൽ പൊലീസ് തലപ്പത്തെ അഴിമതിയെക്കുറിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നായിരുന്നു പി.ടി തോമസ് എം.എല്‍.എയുടെ പ്രതികരണം. യു.ഡി.എഫ് കാലത്ത് ക്രമക്കേട് നടന്നെങ്കില്‍ അതും അന്വേഷിക്കട്ടെയെന്നും പി.ടി തോമസ് മീഡിയവണിനോട് പറഞ്ഞു.