LiveTV

Live

Kerala

വാലന്‍റൈന്‍സ് ദിനാഘോഷങ്ങള്‍ക്കിടെ എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ, കെ.എസ്.യു സംഘര്‍ഷം

ഉച്ചക്ക് ശേഷം വാലന്‍റൈന്‍സ് ഡേ പരിപാടി നടത്തുന്നതിനിടെ കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്തു നിന്നുള്ള ആളുകളും എത്തി തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നത്

വാലന്‍റൈന്‍സ് ദിനാഘോഷങ്ങള്‍ക്കിടെ എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ, കെ.എസ്.യു സംഘര്‍ഷം

വാലന്‍റൈന്‍സ് ദിനാഘോഷങ്ങള്‍ക്കിടെ എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാലന്‍റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് കേളേജിലെ പൊതു ഇടം ഉപയോഗിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. എസ്.എഫ്.ഐക്ക് ഭൂരിപക്ഷമുള്ള ക്യാമ്പസാണ് എറണാകുളം ലോ കോളേജ്.

രാവിലെ കെ.എസ്.യു വിദ്യാര്‍ഥികള്‍ കോളേജിലെ പൊതു ഇടത്തില്‍ വാലന്‍റൈന്‍സ് ഡേ യുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പരിപാടി നടത്താന്‍ കഴിയില്ലയെന്ന് എസ്.എഫ്.ഐ യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇത് കൂട്ടാക്കാതെ കെ.എസ്.യു പ്രവര്‍ത്തകര്‍ മുന്നോട്ടു പോവുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം പരിപാടി നടത്തുന്നതിനിടെ കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്തു നിന്നുള്ള ആളുകളും എത്തി തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നത്. പത്തിലധികം വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. തലക്കാണ് ഇവര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റ വിദ്യാര്‍ഥികളെ വിവിധ സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.