LiveTV

Live

Kerala

സി.എ.ജി റിപ്പോര്‍ട്ട്; നിയമസഭയിൽ പ്രത്യേക ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും

എന്നാല്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാകുമോ എന്നത് പ്രധാനമാണ്

സി.എ.ജി റിപ്പോര്‍ട്ട്; നിയമസഭയിൽ പ്രത്യേക ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും

പൊലീസിനെതിരെ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ സി.എ.ജി റിപ്പോര്‍ട്ടിനുമേല്‍ നിയമസഭയിൽ പ്രത്യേക ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. സംയുക്ത നിയമസഭാ സമിതി രൂപീകരിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കാനും യു.ഡി.എഫില്‍ ആലോചനയുണ്ട്.

ഡി.ജി.പിയെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ആരോപണങ്ങളടങ്ങിയ സി.എ.ജി റിപ്പോര്‍ട്ടിനുമേല്‍ നിയമസഭയില്‍ ചര്‍ച്ച വരണമെന്നതാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. പ്രത്യേക ചര്‍ച്ചക്കായി യു.ഡി.എഫ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയേക്കും. ലാവ്‍ലിന്‍, പാം ഓയില്‍ ഇടപാട് സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടുകള്‍ സഭ ചര്‍ച്ച ചെയ്ത കീഴ്‍വഴക്കമുണ്ട്. എന്നാല്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാകുമോ എന്നത് പ്രധാനമാണ്.

നടപടിക്രമമെന്ന നിലയില്‍ സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാര്‍ വിശദീകരണമടക്കം പബ്ലിക്ക് അക്കൌണ്ട്സ് കമ്മറ്റിക്കാണ് പോകേണ്ടത്. വി.ഡി സതീശനാണ് പബ്ലിക്ക് അക്കൌണ്ട്സ് കമ്മറ്റി തലവന്‍. റിപ്പോര്‍ട്ട് എത്തുന്നത് വൈകിയാല്‍ വേഗത്തിലാക്കാന്‍ പി.എ.സി തന്നെ സര്‍ക്കാരിന് കത്ത് നല്‍കും. പി.എ.സിയുടെ തെളിവെടുപ്പ് നടന്ന് റിപ്പോര്‍ട്ട് വരുന്നതാണ് സാധാരണ സംഭവിക്കുക.

എന്നാല്‍ വിഷയത്തിന്‍റെ ഗൌരവം പരിഗണിച്ച് സംയുക്ത നിയസഭാ സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതിനെക്കുറിച്ചും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കള്‍ക്ക് സമിതിയില്‍ അംഗത്വം ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. സര്‍ക്കാരിനെതിരെ കിട്ടിയ ശക്തമായ ആയുധം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ തന്നെയാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.