LiveTV

Live

Kerala

കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലും പിളർപ്പ് നീക്കങ്ങള്‍

ജോസഫ് വിഭാഗവുമായി ലയനം നടത്താന്‍ തീരുമാനിച്ച ജോണി നെല്ലൂരിനെതിരെ പാർട്ടി ലീഡർ അനൂപ് ജേക്കബ് വിഭാഗം രംഗത്തെത്തി, ലയനനീക്കങ്ങള്‍ ആദ്യം നടത്തിയത് അനൂപാണെന്നാണ് പാർട്ടി ചെയർമാന്‍ ജോണി നെല്ലൂരിന്‍റെ വാദം

കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലും പിളർപ്പ് നീക്കങ്ങള്‍

കേരള കോണ്‍ഗ്രസ് എം. പാർട്ടിയിലെ പിളർപ്പിന് പിന്നാലെ കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലും പിളർപ്പ് നീക്കങ്ങള്‍. ജോസഫ് വിഭാഗവുമായി ലയനം നടത്താന്‍ തീരുമാനിച്ച ജോണി നെല്ലൂരിനെതിരെ പാർട്ടി ലീഡർ അനൂപ് ജേക്കബ് വിഭാഗം രംഗത്തെത്തി. എന്നാല്‍ ലയനനീക്കങ്ങള്‍ ആദ്യം നടത്തിയത് അനൂപാണെന്നാണ് പാർട്ടി ചെയർമാന്‍ ജോണി നെല്ലൂരിന്‍റെ വാദം. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പൊട്ടിപുറപ്പെട്ട കലാപം ജേക്കബ് ഗ്രൂപ്പിലാണ് ഒടുവില്‍ വന്നെത്തി നില്‍ക്കുന്നത്. പി.ജെ ജോസഫുമായി ജേക്കബ് വിഭാഗത്തിന്‍റെ ലയനത്തെ അനുകുലിച്ചും പ്രതികൂലിച്ചുമാണ് പോര് രൂക്ഷമായത്.

ലയനം ഏതാണ്ട് ഉറപ്പിച്ച മട്ടാണ് ചെയർമാന്‍ ജോണി നെല്ലൂർ. ലയനനീക്കവുമായി ആദ്യം പി.ജെ ജോസഫിനെ കണ്ടത് അനൂപ് ജേക്കബാണെന്നും ജോണി നെല്ലൂർ പറയുന്നു. എന്നാല്‍ അനൂപ് ജേക്കബിനെ പിന്തുണച്ച് ഇടുക്കി ജില്ലാ കമ്മിറ്റിയും, സംസ്ഥാന കമ്മിറ്റി അംഗവും രംഗത്തെത്തി. ഏതായാലും ഇരുവിഭാഗങ്ങളും വെവ്വേറെ യോഗം വിളിച്ചു ചേർക്കാന്‍ തീരുമാനിച്ചതോടെ പിളർപ്പ് അല്ലാതെ മറ്റൊരു പോംവഴിക്ക് സാധ്യത കുറവാണ്. ജോസഫ്-ജോസ് കെ.മാണി പോർവിളിയില്‍ തല പുകഞ്ഞിരിക്കുന്ന യു.ഡി.എഫിന് മറ്റൊരു തലവേദനകൂടിയായി ജേക്കബ് വിഭാഗത്തിന്‍റെ തമ്മിലടി.