LiveTV

Live

Kerala

പ്രളയമൊഴിഞ്ഞിട്ടും ദുരിതം മാറാതെ കവളപ്പാറക്കാര്‍

വീട് തകര്‍ന്നവര്‍ക്ക് നല്‍കിയ താത്കാലിക വീടുകളുടെ വാടക പോലും സര്‍ക്കാര്‍ നല്‍കുന്നില്ല

 പ്രളയമൊഴിഞ്ഞിട്ടും ദുരിതം മാറാതെ കവളപ്പാറക്കാര്‍

പ്രളയ പുനരധിവാസം അനന്തമായി നീളുന്ന നിലമ്പൂർ കവളപ്പാറയിൽ ദുരന്ത ബാധിതരുടെ ജീവിതം കടുത്ത പ്രതിസന്ധിയിൽ. വീട് തകര്‍ന്നവര്‍ക്ക് നല്‍കിയ താത്കാലിക വീടുകളുടെ വാടക പോലും സര്‍ക്കാര്‍ നല്‍കുന്നില്ല. പുനരധിവാസം അനന്തമായി നീളുന്നതോടെ നിത്യജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് കവളപ്പാറക്കാർ. ഉരുൾപ്പൊട്ടലിനെ തുടർന്ന് 97 കുടുംബങ്ങള്‍ക്കാണ് കവളപ്പാറ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകേണ്ടി വന്നത്.

35 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ദുരന്തത്തെ തുടര്‍ന്ന് തുറന്ന ദുരിതാശ്വാസ കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ ഇവര്‍ പെരുവഴിയിലായി. വാടക സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പുനല്‍കി. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വാടക വീടുകളിലേക്ക് മാറ്റി. എന്നാല്‍ ആറുമാസം കഴിഞ്ഞപ്പോള്‍ വാടകയുമില്ല, സഹായവുമില്ല. ദുരന്ത കാലത്ത് ജനപ്രതിനിധികളും സർക്കാരും നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല. എന്നാൽ ക്യാമ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ മാത്രമേ വാടക നൽകാൻ കഴിയൂ എന്നും വ്യക്തികൾക്ക് ഇത് നൽകുന്നില്ലെന്നുമാണ് നിലമ്പൂർ തഹസിൽദാർ അറിയിച്ചത്.