LiveTV

Live

Kerala

നിര്‍ദേശങ്ങള്‍‌ പാലിച്ചില്ല; വ്യവസായ വകുപ്പ് ഡയറക്ടറോട് 100 മരങ്ങള്‍ നടാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

വില്‍പന നികുതിയുമായി ബന്ധപ്പെട്ട നിര്‍ദേശം പാലിക്കാത്തതിനാലാണ് ഡയറക്ടര്‍ കെ.ബിജുവിന് ജസ്റ്റിസ് അമിത് രാവല്ല വേറിട്ട ശിക്ഷ വിധിച്ചത്

 നിര്‍ദേശങ്ങള്‍‌ പാലിച്ചില്ല; വ്യവസായ വകുപ്പ് ഡയറക്ടറോട് 100 മരങ്ങള്‍ നടാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

കോടതി നിര്‍ദേശങ്ങള്‍‌ പാലിക്കാത്തതിനാല്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ 100 മരം നടണമെന്ന് ശിക്ഷ വിധിച്ച് ഹൈക്കോടതി. വില്‍പന നികുതിയുമായി ബന്ധപ്പെട്ട നിര്‍ദേശം പാലിക്കാത്തതിനാലാണ് ഡയറക്ടര്‍ കെ.ബിജുവിന് ജസ്റ്റിസ് അമിത് രാവല്ല വേറിട്ട ശിക്ഷ വിധിച്ചത്. കൊച്ചി ആസ്ഥാനമായുള്ള എസ്.എസ് കെമിക്കൽസ് എന്ന സ്ഥാപനം നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ശിക്ഷ നടപടി.

വില്‍പ്പന നികുതി ഇളവിനായി സ്ഥാപനം നല്‍കിയ അപേക്ഷ 2001ൽ വ്യവസായ വകുപ്പ് തള്ളിയിരുന്നു. ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സ്റ്റേറ്റ് ലെവല്‍ കമ്മറ്റിയോട് അപേക്ഷ പരിഗണിച്ച് തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. 2003 മുതൽ 2016 വരെ എട്ടു തവണ വാദം കേട്ടെങ്കിലും തീരുമാനം ഉണ്ടായില്ല. ഇതേതുടർന്നാണ് സ്ഥാപനം വീണ്ടും ഹൈക്കോടതിയിൽ എത്തിയത്. കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശം അനുസരിച്ച് വ്യവസായ ഡയറക്ടർ കെ.ബിജു നേരിട്ട് വിശദീകരണം നൽകി. എന്നാൽ 19 വർഷമായിട്ടും അപേക്ഷ തീര്‍പ്പാകാതെയിരുന്നത് വ്യവസായ വകുപ്പിന്റെ വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇക്കാലയളവിൽ ചുമതല വഹിച്ചിരുന്ന വ്യവസായ ഡയറക്ടർമാർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വ്യവസായ വകുപ്പ് ഡയറക്ടർ കുഷ്ഠരോഗ ആശുപത്രിയിൽ സേവനം ചെയ്യണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. കേരളം കുഷ്ഠരോഗ വിമുക്ത സംസ്ഥാനം ആണെന്ന് സർക്കാർ അറിയിച്ചതോടെയാണ് പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമായി 100 വൃക്ഷതൈകൾ നടാൻ കോടതി ഉത്തരവിട്ടത്. വൃക്ഷത്തൈകൾ നടേണ്ട സ്ഥലം വനം വകുപ്പ് നിർദേശിക്കണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷ മാതൃകാപരമാണെന്നും അനുസരിക്കാൻ തയാറാണെന്നും വ്യവസായ വകുപ്പ് ഡയറക്ടര്‍ കോടതിയെ അറിയിച്ചു.